ആലുവ: ചൂർണിക്കര എസ്.എൻ പുരം ചേലാക്കുന്ന് കോളനിയിൽ ചേലാക്കുന്ന് വീട്ടിൽ ഓമന സുരേഷിന്റെ വീടിന്റെ മേൽക്കൂര രാത്രി നിലംപതിച്ചു. ഉറക്കത്തിലായിരുന്ന ഓമനയും ബന്ധുവിന്റെ മകൾ അതുല്യയും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച്ച രാത്രി 12.30ഓടെയാണ് സംഭവം. വീടിന്റെ ഓടുമേഞ്ഞ ഭാഗമാണ് ഭൂരിഭാഗവും തകർന്നത്.
ചെറിയവീടിന്റെ ഒരു മുറി മാത്രം കോൺക്രീറ്റ് ചെയ്തതാണ്. ഇവിടെയാണ് വിധവയായ ഓമനയും ബന്ധുവായ ഹരിദാസിന്റെ മകൾ അതുല്യയും ഉറങ്ങിയിരുന്നത്. ഓമനയ്ക്ക് മക്കൾ ഇല്ലാത്തതിനാൽ ദിവസവും രാത്രി കൂട്ടായി ഇറങ്ങാനെത്തുന്നത് അതുല്യയാണ്. പട്ടികയും കഴക്കോലും ചിതലെടുക്കാത്തതിനാൽ മേൽക്കൂര നിലംപതിച്ചതിന്റെ കാരണം വ്യക്തമല്ല.
പഞ്ചായത്ത് അംഗം രമണൻ ചേലാക്കുന്ന് അറിയിച്ചതിനെ തുടർന്ന് വില്ലേജ് , പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.