
ആലുവ: ക്രിസ്മസിന് പിന്നാലെ പുതുവത്സരവും കൂടി എത്തിയതോടെ ആലുവ ബൈപ്പാസിൽ വാഹനക്കുരുക്ക് രൂക്ഷമായി. സാധാരണ വൈകിട്ട് മാത്രമുണ്ടാകുന്ന ഗതാഗതകുരുക്ക് ഇപ്പോൾ പകലും രൂക്ഷമാണ്.
ദേശീയപാതയിലെ അശാസ്ത്രീയമായ പാലം നിർമ്മാണമാണ് ഗതാഗതകുരുക്കിന് കാരണം. പുളിഞ്ചോട് സിഗ്നലിൽ നിന്നാരംഭിക്കുന്ന മേൽപ്പാലം ബൈപ്പാസ് സിഗ്നലിൽ അവസാനിക്കുകയാണ്. യഥാർത്ഥത്തിൽ പുളിഞ്ചോട് നിന്ന് പെരിയാറും മറികടന്ന് തോട്ടക്കാട്ടുകരയിൽ അവസാനിപ്പിക്കേണ്ടിയിരുന്ന പാലമാണ് പാതിവഴിയിൽ അവസാനിപ്പിച്ച് ഗതാഗതകുരുക്ക് ഇരട്ടിയാക്കിയത്. ദേശീയപാതയിൽ എറണാകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പുറമെ ആലുവ നഗരത്തിൽ നിന്ന് അങ്കമാലി, പറവൂർ, കടുങ്ങല്ലൂർ ഭാഗങ്ങളിലേക്ക് പോകുന്നതിനായി വരുന്ന വാഹനങ്ങളും ബൈപ്പാസിലാണ് സംഗമിക്കുന്നത്.
മെട്രോ സ്റ്റേഷന് മുമ്പിലൂടെ വന്ന മേൽപ്പാലത്തിനടിയിലൂടെ യു ടേൺ ചെയ്ത് സമാന്തര റോഡ് വഴിയാണ് നഗരത്തിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപതയിൽ പ്രവേശിക്കുന്നത്. മാർത്താണ്ഡവർമ്മ പാലത്തിന് മുമ്പുള്ള ഭാഗം ഇവിടെ കുപ്പിക്കഴുത്തിന് സമാനമാണ്.
ദേശീയപതായിലൂടെ മൂന്നുവരിയായും സമാന്തര റോഡിൽ നിന്നും രണ്ട് വരിയായും വരുന്ന വാഹനങ്ങൾ പാലത്തിൽ രണ്ട് വരിയായി കടന്നുപോകേണ്ടിവരുന്നതാണ് ഗതാഗതകുരുക്കിന് പ്രധാനകാരണം.
വിമാനത്താവളത്തിലേക്കുള്ള
യാത്രക്കാരും വലയും
നിരന്തരം അനുഭവപ്പെടുന്ന കുരുക്കുമൂലം പൊതുജനങ്ങളും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ പോകുന്ന യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തരമായി പുതിയ പാലങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ഗഡ്കരിക്ക് അൻവർ സാദത്ത് എം.എൽ.എ നിവേദനം നൽകിയിരുന്നു. ആലുവ നഗരസഭയും നഗരസഭാ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയും എലിവേറ്റഡ് ഹൈ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ദേശീയപാതയിൽ പുളിഞ്ചോട് മുതൽ മംഗലപുഴപ്പാലം വരെ എലിവേറ്റഡ് ഹൈവേയോ മാർത്താണ്ഡവർമ്മ പാലത്തിന് സമാന്തര പാലമോ നിർമ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ബെന്നി ബഹനാൻ എം.പി അൻവർ സാദത്ത് എം.എൽ.എ എന്നിവർ നിവേദനം നൽകിയതിനെ തുടർന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ നാഷണൽ ഹൈവേ തിരുവനന്തപുരം റീജിയണൽ ഓഫീസർ ബി.എൽ മീണക്ക് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നിർദ്ദേശം നൽകിയിട്ടുണ്ട്.