b

നല്ലൊരു കാര്യത്തിനിറങ്ങുമ്പോൾ പിന്നിൽനിന്നു വിളിച്ചു കുളമാക്കുന്നത് ചിലരുടെ വിനോദമാണ്. കോൺഗ്രസുകാർ എന്ത് നല്ലകാര്യം ചെയ്യാൻ തുടങ്ങിയാലും ഇതാണ് പരിവാറുകാരുടെ പരിപാടി. രണ്ടാം ഭാരത്‌ജോഡോ യാത്രയുടെ ഒരുക്കങ്ങൾക്കായി രാഹുൽജി മണിപ്പൂരിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്ന് സ്‌നേഹത്തോടെയുള്ള 'പാരവിളി". മോനും മമ്മിജിയും പെങ്ങളൂട്ടിയും എല്ലാവരെയും കൂട്ടി അയോദ്ധ്യയിൽ ഉത്സവത്തിനു വരണമെന്നു പറഞ്ഞ് ആഘോഷക്കമ്മിറ്റിക്കാർ വിളിക്കുമ്പോൾ എന്തുചെയ്യും!. പോയാൽ, ബലൂണും പീപ്പിയുമൊക്കെ വാങ്ങി നല്ലൊരു സദ്യയും തട്ടി മടങ്ങാമെങ്കിലും പ്രോഗ്രാമിൽ ഇല്ലാത്ത ചില കലാപരിപാടികൾ കാണേണ്ടിവരും. കമ്മിറ്റിക്കാരുടെ ബാലേയടക്കം പ്രതീക്ഷിക്കാം. കഥയും തിരക്കഥയും സംവിധാനവും അഭിനയവുമെല്ലാം ആസ്ഥാന വിദ്വാൻമാർ ആയതിനാൽ ഇറങ്ങിയോടേണ്ടിവരും. പ്രധാന നടന്മാർ ഡൽഹിയിൽ നിന്നെത്തി റിഹേഴ്‌സൽ തുടങ്ങിക്കഴിഞ്ഞു.
ദൈവത്തിന്റെ പേരിൽ ഉത്സവം നടത്തി ആസ്ഥാന നടന്മാർ നായകന്മാരാകുന്ന ഏർപ്പാടിന് കോൺഗ്രസുകാർ തലവച്ചുകൊടുക്കേണ്ട കാര്യമുണ്ടോയെന്ന സംശയവും പോയില്ലെങ്കിൽ യു.പിയിൽ ഇറങ്ങി നടക്കാനാകുമോയെന്ന ആശങ്കയും ബലപ്പെടുകയാണ്. ഉത്സവം ഇടയ്ക്കിടെ വരുമെങ്കിലും തിരഞ്ഞെടുപ്പ് അങ്ങനെയല്ല.

ഉത്സവാഘോഷം ഗംഭീരമാക്കി സദ്യയുണ്ടിട്ടേ പോരാവൂ എന്ന് പരിവാർ പ്രമാണിമാർ മാറിമാറി വിളിക്കുന്നതിൽ ചില കെണികളുണ്ടെന്നാണ് കോൺഗ്രസിന്റെ വാർറൂം മേധാവികളുടെ കണ്ടെത്തൽ. പോയാലും പോയില്ലെങ്കിലും പാരകൾ പലവിധത്തിൽ വരും. അല്ലെങ്കിൽത്തന്നെ സംഘികളും കോൺഗ്രസുകാരും ഒരുകൈയാണെന്ന് സഖാക്കന്മാർ പറഞ്ഞുതുടങ്ങി.
സഖാക്കന്മാർ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മൂത്തസഖാവ് യെച്ചൂരി സഖാവ് ആദ്യമേ പ്രഖ്യാപിച്ച് കൈയടി വാങ്ങി. വാളയാർ അതിർത്തി കഴിഞ്ഞാൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത അവർക്കങ്ങനെയൊക്കെ പറയാം. കോൺഗ്രസ് അങ്ങനെയല്ല. പ്രത്യക്ഷത്തിൽ കാണാനാവില്ലെങ്കിലും ആഴത്തിലാണ് വേരോട്ടം. സഖാക്കൾക്ക് സംശയമുണ്ടെങ്കിൽ മാന്തിനോക്കാം.

സംഘികളുടെ അമ്പലപ്പരിപാടിക്കു പോയി ജനാധിപത്യത്തെ അപമാനിക്കരുതെന്ന് കെ. മുരളീധരനടക്കമുള്ള യഥാർത്ഥ സോഷ്യലിസ്റ്റ് കോൺഗ്രസുകാർ ചാടിക്കയറി പ്രഖ്യാപിച്ചതോടെ കൊടിയേറ്റിനുമുമ്പേ ഉത്സവം ഉഷാറായി. പോയൊന്നു തലകാണിച്ചു മടങ്ങിയാലോയെന്ന് വടക്കൻ കോൺഗ്രസുകാർ ആലോചിക്കുന്നുണ്ടെങ്കിലും പോയാൽ വിവരമറിയുമെന്നാണ് തെക്കന്മാരിലെ സോഷ്യലിസ്റ്റുകാരുടെ ഭീഷണി. യു.ഡി.എഫിലെ ഏക മതനിരപേക്ഷ കക്ഷിയായ മുസ്ലിംലീഗിന് വിഷമമാകുമെന്നതിനാൽ മതപരമായ ചടങ്ങുകളിൽ നിന്നു കോൺഗ്രസ് വിട്ടുനില്ക്കണമെന്നാണ് ഇവരുടെ നിലപാട്. പണ്ട് ആദർശത്തിൽ ലേശം വെള്ളം ചേർത്തതിന് കോൺഗ്രസിനോടു പിണങ്ങി ഡി.ഐ.സി എന്ന 'ഡിക്ക് 'പാർട്ടിയുണ്ടാക്കിയ മുരളീധരൻജി ഇത്തരം കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറില്ല. ശ്രീരാമൻ ഹൃദയത്തിലുള്ളവർക്ക് ക്ഷേത്രത്തിൽ പോകേണ്ട കാര്യമില്ലെന്ന് ജ്ഞാനിയായ അദ്ദേഹത്തിനറിയാം. തറവാട്ടു കാരണവരായ സുധാകർജി ചികിത്സയ്ക്കായി വിദേശത്തു പോകുന്നതിനാൽ വിവാദങ്ങളിൽ നിന്ന് തത്കാലം രക്ഷപ്പെട്ടു.
പോയാലും പോയില്ലെങ്കിലും പണികിട്ടുമെന്ന് ഉറപ്പായതിനാൽ വിശ്വാസികൾക്ക് ഉത്സവം കൂടാമെന്ന നിലപാടിലേക്കാണ് കാര്യങ്ങൾ. ലോഹ്യം പറയാനോ സദ്യയുണ്ണാനോ നില്ക്കാതെ ചടങ്ങുകഴിയുമ്പോൾ സ്ഥലം വിടാനാണ് ഏകദേശ ധാരണ. അറിയാതെ കോട്ടുവാ ഇട്ടാൽപ്പോലും പ്രശ്‌നമാകുമെന്നതിനാൽ മൗനമാണ് വിദ്വാൻമാർക്ക് ഭൂഷണം. 'ദൈവാനുഗ്രഹമുണ്ടെങ്കിൽ" എല്ലാ കാര്യങ്ങളും ഭംഗിയാകുമെന്ന് പരിവാറുകാർ ഒരിക്കൽക്കൂടി തെളിയിച്ചു. അയോദ്ധ്യയിൽ നിന്നൊരു രഥയാത്രകൂടി തിരഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിക്കാം. ഇതെല്ലാം മുന്നിൽക്കണ്ടാണ് മണിപ്പൂരിൽനിന്ന് രണ്ടാം ഭാരതയാത്ര രാഹുൽജി ആസൂത്രണം ചെയ്തത്. ഒന്നാംയാത്ര ക്ഷീണം ചെയ്തെന്ന് മോദിജി തന്നെ വ്യംഗ്യമായി സമ്മതിച്ചതിനാൽ രണ്ടാംയാത്ര കുറേക്കൂടി ഉഷാറാക്കാനായിരുന്നു രാഹുൽജിയുടെ ആലോചനയെങ്കിലും അതിന്റെ ഫ്ലോയങ്ങ് പോയി. തിരഞ്ഞെടുപ്പിനുശേഷം അയോദ്ധ്യയിൽ സ്വന്തം നിലയ്ക്ക് ഉത്സവം നടത്താമെന്നു വച്ചാലും കാശു പോകുമെന്നല്ലാതെ വോട്ട് കിട്ടില്ല. ദൈവം കളത്തിലിറങ്ങിയാൽ മനുഷ്യർക്ക് എന്തുചെയ്യാനാകും!.

സ്മാർട്ടായാൽ

ആൾക്കൂട്ടം വേണ്ട

'ഇന്ത്യ മുന്നണി"യിൽ ലാലുവടക്കമുള്ള നേതാക്കൾ ഒന്നിനൊന്നു മിടുക്കന്മാരായതിനാൽ എത്ര സീറ്റിൽ മത്സരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് സ്വന്തമായി തീരുമാനമെടുക്കും. മോദിക്ക് പകരക്കാരനായി മല്ലികാർജുൻ ഖാർഗെയുള്ളതിനാൽ പ്രധാനമന്ത്രിയുടെ കാര്യത്തിൽ ആശങ്കയില്ല. അണികൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന പഴഞ്ചൻ ഏർപ്പാടിൽ ഹൈടെക് നേതൃത്വം വിശ്വസിക്കുന്നില്ല. താഴെത്തട്ടിലുള്ളവരെ മുകളിലേക്ക് എടുത്തുയർത്താനാണ് താത്പര്യം. തടിയുള്ളവർ കൂടുതലായതിനാൽ പലപ്പോഴും ഇതിനു കഴിയാറില്ലെന്നു മാത്രം. അതിനു പകരമാണ് വാർറൂം. ബി.ജെ.പിക്കാർ നാടുമുഴുവൻ ഓടിനടക്കുമ്പോൾ വാർറൂം കമാൻഡോകൾ മുറിയിലിരുന്ന് കാര്യങ്ങൾ ചെയ്യും.

ആശാനെ വീഴ്ത്താൻ

ലാലു,​ ലലൻ

ബി.ജെ.പിയെ വെറുത്തുവെറുത്ത് ലാലുജിയുടെ ആർ.ജെ.ഡിയെ ഒരുപാട് ഇഷ്ടപ്പെട്ടുപോയ ജെ.ഡി.യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ അടുത്ത പ്രധാനമന്ത്രിയാകാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും ഉടനെ വേണ്ടെന്നുവച്ചു. പാർട്ടിയുടെ പ്രസിഡന്റായി കുറേക്കാലം ഇരുന്നശേഷം പ്രധാനമന്ത്രിയായാൽ കുറേക്കൂടി ഐഡിയകൾ കിട്ടുമെന്ന് തിരിച്ചറിഞ്ഞാണ് ഈ മനംമാറ്റം. എന്തൊക്കെയാണെങ്കിലും പ്രസിഡന്റിനോളം വരില്ല പ്രധാനമന്ത്രി. അമേരിക്കയിലൊക്കെ അങ്ങനെയാണ്. വലംകൈയായിരുന്ന ലലൻസിംഗിൽ നിന്ന് പാർട്ടിയുടെ പ്രസിഡന്റ് പദവി നിതീഷ്ജി ഏറ്റെടുത്തത് പെട്ടെന്നായിരുന്നു. ലാലുവുമായി ചേർന്ന് ചില അണ്ടർഗ്രൗണ്ട് ഇടപാടുകൾ ലലൻ നടത്തുന്നത് കൈയോടെ നിതീഷ്ജി കണ്ടെത്തിയെന്നാണ് വിവരം. ലാലുജിയായതിനാൽ അതിനു സാദ്ധ്യത കൂടുതലാണുതാനും. ആശാന്റെ കാലുവാരി ലാലുവിന്റെ മകൻ തേജസ്വിയെ മുഖ്യമന്ത്രിയാക്കാൻ ലലൻ നടത്തിയ നീക്കമാണ് പൊളിഞ്ഞത്. 12 എം.എൽ.എമാരെ റാഞ്ചി മറുപാളയത്തിലെത്തിക്കാനായിരുന്നത്രെ പദ്ധതി. ഏതായാലും ലലന്റെ കാര്യത്തിൽ തീരുമാനമായി. ഇനിയും കൂടെനിന്നാൽ ലാലുജി അടുത്തപണി തരുമെന്ന് ഉറപ്പുള്ളതിനാൽ പഴയ ചങ്ങാതിമാരായ ബി.ജെ.പിക്കാരുമായി ലോഹ്യം കൂടാനാണത്രേ നിതീഷ്ജിയുടെ ആലോചന. നിതീഷ്ജി പോകുന്നതോടെ ഇന്ത്യ മുന്നണിയുടെ കാര്യം കൂടുതൽ പരുങ്ങലിലാകുമെന്ന് പലരും പറയുന്നുണ്ടെങ്കിലും മിടുക്കന്മാർ ഒരുപാടുള്ള മുന്നണിയാണിതെന്ന് ലാലുജി വ്യക്തമാക്കിയിട്ടുണ്ട്. മകൻ തേജസ്വി പേരുപോലെതന്നെ മിടുക്കനാണ്. സഹായത്തിന് അമ്മാവന്മാരുമുണ്ട്. ലാലുവിന്റെ അളിയന്മാരും റാബ്രിദേവിയുടെ ആങ്ങളമാരുമായ രണ്ടുപേർ നല്ല സഹായികളാണ്. പെങ്ങളും അളിയനും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ ബീഹാറിലെ ക്രമസമാധാനനില കൈകാര്യം ചെയ്ത് കഴിവ് തെളിയിച്ചവരാണിവർ.