d
കുട്ടിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്ത സൂചി

കൊച്ചി: കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയ അഞ്ചു സെന്റീമീറ്റർ നീളമുള്ള സൂചി ഏഴു വയസുകാരന്റെ ശ്വാസകോശത്തിൽനിന്ന് പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിൽ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് റിജിഡ് ബ്രോങ്കോസ്‌കോപ്പിലൂടെ മൂന്നുമണിക്കൂറുകൊണ്ട് സൂചി പുറത്തെടുത്തത്.

മാലിദ്വീപ് സ്വദേശിയായ കുട്ടി ഈ മാസം 22നാണ് സൂചി (ഹിജാബ് പിൻ) കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത്.

രക്തസ്രാവത്തെ തുടർന്ന് കുട്ടിയെ മാലിദ്വീപിലുള്ള ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അപകടഘട്ടത്തിലായതിനാൽ ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുകയായിരുന്നു.

അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ദേവിക, പൾമണോളജി വിഭാഗത്തിലെ ഡോ. ശ്രീരാജ് നായർ എന്നിവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു. ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് തൊട്ടടുത്തായാണ് സൂചി കുടുങ്ങിക്കിടന്നിരുന്നത് എന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും ഇത്രയും നീളത്തിലുള്ള സൂചി ഓപ്പൺ സർജറിയില്ലാതെ റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണെന്നും ഡോ. ടിങ്കു ജോസഫ് പറഞ്ഞു. കുട്ടി മാതാപിതാക്കൾക്കൊപ്പം ഇന്ന് മാലിദ്വീപിലേക്ക് മടങ്ങും.