
കൊച്ചി: ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർ വ്യാജരേഖകൾ ഉപയോഗിച്ച് കേരളത്തിലും വേരുറപ്പിക്കുന്നു. രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കി ഇവർക്ക് വ്യാജ ആധാറും മറ്റും സംഘടിപ്പിച്ച് കൊടുക്കുന്നത് ഡൽഹിയിലെ സംഘമാണെന്ന് കൊച്ചി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. കൊച്ചിയിൽ രണ്ടാഴ്ച മുമ്പ് ബംഗ്ലാദേശി ദമ്പതികൾ പിടിയിലായതിനെ തുടർന്നായിരുന്നു അന്വേഷണം.
കൊച്ചി കപ്പൽശാലയുടെ പനമ്പിള്ളിനഗർ ഗസ്റ്റ് ഹൗസിൽ അതിക്രമിച്ച് കയറിയ ബംഗ്ലാദേശ് പൗരൻ മുഹമ്മദ് അൽ അമീൻ ഷേഖ്, ഭാര്യ ജ്യോത്സ്ന അക്തർ എന്നിവരാണ് അറസ്റ്റിലായത്. ആക്രിപെറുക്കലുകാർ എന്ന വ്യാജേന ഒരു രേഖയുമില്ലാതെ കൊച്ചിയിൽ കഴിയുകയായിരുന്ന ഇവർ ഗസ്റ്റ് ഹൗസിന്റെ മതിൽ ചാടിക്കടന്നതിനെ തുടർന്ന് സി.ഐ.എസ്.എഫുകാർ തടഞ്ഞുവയ്ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.
പശ്ചിമബംഗാൾ സ്വദേശികളെന്നാണ് ആദ്യം പറഞ്ഞത്. സംസാര രീതിയിൽ സംശയം തോന്നിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബംഗ്ലാദേശികളാണെന്നു സമ്മതിച്ചത്. മുഹമ്മദ് അൽ അമീൻ ഷേഖ് വിയ്യൂർ ജയിലിൽ റിമാൻഡിലാണ്. ജ്യോത്സ്നയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കോടതി തീരുമാനം അനുസരിച്ചാകും തുടർനടപടികളെന്ന് പൊലീസ് പറഞ്ഞു.
2000 രൂപയ്ക്ക് ആധാർ
ബി.എസ്.എഫ് നിരീക്ഷണം കുറവുള്ള നദീമേഖലകൾ വഴി പശ്ചിമബംഗാളിൽ കയറിപ്പറ്റുന്ന ബംഗ്ളാദേശികൾ അവിടെ നിന്ന് ഡൽഹിയിലെ സീമാപുരിയിലേക്ക് കടക്കും. കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ ഏറെയുള്ള ഇവിടെ നിന്നാണ് 2000 രൂപ നിരക്കിൽ വ്യാജ ആധാർ സംഘടിപ്പിക്കുന്നത്.
2018ൽ കൊച്ചിയെ ഞെട്ടിച്ച കവർച്ചാപരമ്പരയിലെ മൂന്ന് പ്രതികൾ ബംഗ്ലാദേശ് സ്വദേശികളായിരുന്നു. പശ്ചിമബംഗാളിൽ താമസിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കവർച്ച നടത്തുകയായിരുന്നു 11 അംഗ സംഘം.
മനുഷ്യക്കടത്തിനും കേരളം
ബംഗ്ലാദേശികളെ വ്യാജേരഖയിൽ എത്തിച്ച് കേരളത്തിൽ നിന്നടക്കം വിദേശത്തേക്ക് കടത്തുന്ന സംഘവും സജീവമാണ്. മാസങ്ങൾക്കു മുമ്പ് നെടുമ്പാശേരി വിമാനത്താവളം വഴി ഇന്ത്യക്കാരെന്ന വ്യാജേന നാല് ബംഗ്ലാദേശികൾ ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ചിരുന്നു. മുഹമ്മദ് അബ്ദുൾ ഷുക്കൂർ എന്ന ബംഗ്ലാദേശ് ചിറ്റഗോംഗ് സ്വദേശിയാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഇയാളെ എറണാകുളം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. വ്യാജ പാസ്‌പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തിരുന്നു.