
കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണം 10കോടി കടന്നു!ഇതുവരെ യാത്ര ചെയ്തവർ 10,33,59,586 ആയി. സർവീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ 2023 ഡിസംബർ 29വരെ യാത്ര ചെയ്തവരുടെ എണ്ണമാണിത്. ആറര വർഷത്തിലാണ് നേട്ടം.
2021 ഡിസംബർ 21നാണ് യാത്രക്കാരുടെ എണ്ണം അഞ്ച് കോടി കടന്നത്. ഇതിന് ഏഴ് മാസത്തിനു ശേഷം 2022 ജൂലായ് 14ന് ആറ് കോടി പിന്നിട്ടു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ നാല് കോടിയാളുകളാണ് യാത്ര ചെയ്തത്.
2023ൽ യാത്രക്കാരിൽ ഗണ്യമായ വർദ്ധനയുണ്ടായി. 2023 ജനുവരിയിൽ 79,130 ആയിരുന്ന ശരാശരി യാത്രക്കാരുടെ എണ്ണം ഡിസംബറിൽ 94,000 ആയി. ഈ വർഷം 40 ദിവസമാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.
ഒക്ടോബർ 21 ഗോൾഡൻ ഡേ
ഈ വർഷം ഒക്ടോബർ 21നാണ് മെട്രോയിൽ ഇതുവരെ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്തത്. 1,32,161 പേർ. ടിക്കറ്റിനത്തിൽ ഏറ്റവുമധികം വരുമാനം നേടിയതും അന്നുതന്നെ. തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ ശരാശരി യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം പിന്നിടുമെന്നാണ് കെ.എം.ആർ.എല്ലിന്റെ കണക്കുകൂട്ടൽ.
കൊച്ചി വൺ ആപ്പും ഹിറ്റ്
ഡിജിറ്റൽ ടിക്കറ്റിംഗിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗ് സൗകര്യം നിരവധിയാളുകളാണ് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമൊരുങ്ങും
വിദ്യാർത്ഥികൾക്കുൾപ്പെടെയുള്ള വിവിധ യാത്രാ പാസുകൾ, ഓഫറുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങളെ മെട്രോയിലേക്ക് ആകർഷിക്കാൻ കെ.എം.ആർ.എൽ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു.
ലോക്‌നാഥ് ബെഹ്‌റ
മാനേജിംഗ് ഡയറക്ടർ
കെ.എം.ആർ.എൽ
മെട്രോ സർവ്വീസ് ആരംഭിച്ചത്- 2017 ജൂൺ 19
ആകെ യാത്രക്കാർ- 10,33,59,586 (ഡിസംബർ 29 വരെ)
2021 ഡിസംബർ 21- അഞ്ച് കോടി
2022 ജൂലൈ 14- ആറ് കോടി
നിലവിലെ ശരാശരി യാത്രക്കാർ- 94,000