കൊച്ചി: തൃക്കാക്കര നിയോജക മണ്ഡലതല നവകേരള സദസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകസമിതി ചെയർമാൻ സി.എം. ദിനേശ് മണി പറഞ്ഞു. നവകേരള സദസിന് മുന്നോടിയായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് കാക്കനാട് കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിലാണ് തൃക്കാക്കര മണ്ഡലം നവകേരള സദസ്. പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കുന്നതിനായി 27 കൗണ്ടറുകളാണുള്ളത്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുണ്ട്. എയർപോർട്ട് റോഡിൽ നിന്നുള്ള പ്രവേശന കവാടത്തിന് സമീപമാണ് നിവേദന കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ നിവേദനങ്ങൾ സ്വീകരിക്കും.
വാഹനങ്ങൾ പാർക്ക് ചെയ്യാൻ തൃക്കാക്കര മുനിസിപ്പൽ ഗ്രൗണ്ട്, പാട്ടുപുരയ്ക്കൽ ക്ഷേത്ര മൈതാനം, ഭാരത് മാത കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
സംഘാടകസമിതി ജനറൽ കൺവീനറും ഡെപ്യൂട്ടി കളക്ടറുമായ ബി. അനിൽകുമാർ, രക്ഷാധികാരി അഡ്വ. എ.ജി. ഉദയകുമാർ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല തുടങ്ങിയവർ പങ്കെടുത്തു.