 2500ലധികം പൊലീസുകാർ

കൊച്ചി: കൂട്ടുകാരുമൊത്ത് ലഹരി നുണഞ്ഞും രാത്രി പൊതുയിടങ്ങളിൽ ചുറ്റിത്തിരിഞ്ഞും പുതുവത്സരം ആഘോഷിക്കാനാണോ പരിപാടി. എങ്കിൽ ന്യൂ ഇയർ പൊലീസ് സ്റ്റേഷനിൽ കൂടേണ്ടിവരും ! അതീവ രഹസ്യമായി നടത്തുന്ന ലഹരിപ്പാർട്ടികൾ പോലും കണ്ടെത്തി കേസെടുക്കാൻ കച്ചമുറുക്കി പൊലീസ് കളത്തിലുണ്ട്.

ഗ്രാമങ്ങളിൽ മാത്രമല്ല, ഇക്കുറി ഫ്ളാറ്റുകളും പൊലീസിന്റെ നിരീക്ഷണ വലയത്തിലാണ്. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് കേരളത്തിലേക്ക് വൻതോതിൽ രാസ ലഹരിമരുന്നുകൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെതുടർന്നാണ് സംസ്ഥാന വ്യാപകമായുള്ള പരിശോധന. കൊച്ചി സിറ്റി പൊലീസും എറണാകുളം റൂറൽ പൊലീസും സംയുക്ത ഓപ്പറേഷൻ നടത്തുന്നു. റൂറലിലും സിറ്റിയിലുമായി 2500ലധികം പൊലീസുകാരെ പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്.

 കാർണിവല്ലിലും സുരക്ഷ

കൊച്ചി കാർണിവല്ലിനും വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പോയവർഷം തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. കുസാറ്റ് അപകടത്തിന് സമാനമായ സാഹചര്യം ഒഴിവാക്കാനാണ് നടപടി. ഫോർട്ട്‌കൊച്ചിയിൽ മാത്രം 1500 പൊലീസുകാർ. 500 പൊലീസുകാർ നഗരത്തിലെ മറ്ര് ആഘോഷ പരിപാടികളുടെ സുരക്ഷയൊരുക്കും. സിറ്റി പൊലീസിന്റെ അതിർത്തിയിൽ ബാരിക്കേഡ് വച്ച് പരിശോധന നടത്തും. കൺട്രോൾ റൂം വാഹനങ്ങൾക്ക് പുറമേ, അതാത് സ്റ്റേഷനുകളിലെ ടീമും പരിശോധനയുമായി രംഗത്തുണ്ടാകും. മട്ടാഞ്ചേരി ഫോർട്ടുകൊച്ചി പരിസരവും സി.സി ടിവി നിരീക്ഷണത്തിലായിരിക്കും.

കൊച്ചി നിറഞ്ഞാൽ

പിന്നെ കടത്തിവിടില്ല

പരേഡ് മൈതാനിക്ക് 80,000 പേരെയും വെളി മൊതാനത്തിന് 40,000 പേരെയും ഉൾക്കൊള്ളാനേ കഴിയൂ. നിശ്ചിത ആളുകൾ പ്രവേശിച്ചു കഴിഞ്ഞാൽ ഫോർട്ട്കൊച്ചിയിലേക്ക് ആരെയും കടത്തിവിടില്ല. പരേഡ് ഗ്രൗണ്ടിന്റെ ഉൾഭാഗം നാല് സെഗ്മെന്റുകളാക്കി പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.

പാപ്പാഞ്ഞി കത്തിക്കാൻ

പൊലീസ് അനുമതിയില്ല
സുരക്ഷാ കാരണങ്ങളുള്ളതിനാൽ വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ. അക്ബർ പറഞ്ഞു. വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കി സബ് കലക്ടർ കെ.മീര ഉത്തരവിറക്കിയത് വിവാദമായതിന് പിന്നാലെയാണ് പൊലീസും സുരക്ഷാ പ്രശ്‌നം ഉയർത്തി രംഗത്തുവന്നത്. പ്രാദേശിക കൂട്ടായ്മയിൽ വെളി മൈതാനത്തും പാപ്പാഞ്ഞി ഒരുങ്ങിയെങ്കിലും പരേഡ് ഗ്രൗണ്ടിൽ മാത്രം പാപ്പാഞ്ഞിയെ കത്തിച്ചുള്ള ആഘോഷം മതിയെന്ന് ആർ.ഡി.ഒ പറഞ്ഞതോടെയാണ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.