
കൊച്ചി: പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കൊച്ചി നഗരം ആഘോഷത്തിമിർപ്പിൽ.
ഹോട്ടലുകളും ക്ലബുകളും ഒരുങ്ങി. പ്രമുഖ ഡി.ജെകളും രംഗത്തുണ്ട്. മറുനാട്ടിൽ നിന്ന് ജനങ്ങൾ കൊച്ചിയിലേക്ക് ഒഴുകുകയാണ്. നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ ബുക്കിംഗ് പൂർത്തിയായി.
ഫോർട്ടുകൊച്ചിയുടെ പുതിയ വീഡിയോകളും ഫോട്ടോകളും സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാണ്. കൊച്ചി കാർണിവലിന്റെ ഭാഗമായി പുതുവർഷപ്പുലരിയിൽ കത്തിക്കുന്ന ഭീമൻ പപ്പാഞ്ഞി തയ്യാറായി.
ആഘോഷത്തിൽ
ഫോർട്ട്കൊച്ചി
ഫോർട്ട് കൊച്ചി ബീച്ചും പരിസരവും പരേഡ് മൈതാനവും ഇന്ന് ജനങ്ങളെ കൊണ്ട് നിറയും. വെളി മൈതാനിയിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ ക്രിസ്മസ് ട്രീ കാണാൻ ആയിരങ്ങളാണ് എത്തുന്നത്. കാർണിവലിനോട് അനുബന്ധിച്ച് ഇന്ന് രാവിലെ ആറിന് മാരത്തൺ. രാത്രി 8 മുതൽ പരേഡ് മൈതാനിയിൽ സംഗീതപരിപാടി, രാത്രി 12 ന് പരേഡ് മൈതാനിയിൽ കപ്പലിൽ നിന്ന് സൈറൺ മുഴങ്ങുന്നതോടെ കൂറ്റൻ പപ്പാഞ്ഞി അഗ്നിക്കിരയാകും. തുടർന്ന് കേക്ക് മുറിച്ച് പരസ്പരം കൈമാറി പുതുവത്സരാശംസകൾ കൈമാറും. നാളെ വൈകിട്ട് നാലിന് വെളിയിൽ നിന്ന് വർണാഭമായ കാർണിവൽ റാലി പുറപ്പെടും. രാത്രി 7ന് പരേഡ് മൈതാനിയിൽ സമ്മാന ദാനം നടക്കും.
സാംസ്കാരിക പരിപാടികൾ
എറണാകുളത്തപ്പൻ ഗ്രൗണ്ടിലടക്കം സാംസ്കാരിക പരിപാടികൾ നടക്കും. പള്ളുരുത്തി, വൈപ്പിൻ മേഖലകളിൽ വിപുലമായാണ് ആഘോഷം.
മാളുകൾ ഒരുങ്ങി
ലുലു മാൾ, ഫോറം മാൾ എന്നിവിടങ്ങളിലടക്കം ആഘോഷമുണ്ടാകും. രാത്രി ഒമ്പത് മുതൽ സംഗീത, നൃത്ത, ഡി.ജെ പരിപാടികൾ ഉൾപ്പടെയാണ് ആഘോഷം.
ബോട്ടുകളെല്ലാം ഫുൾ
ഫോർട്ടുകൊച്ചിയിലേക്കുള്ള ബോട്ടുകളെല്ലാം ഫുള്ളാണ്. ഫോടർട്ട്കൊച്ചിയിലെ ഒരുക്കങ്ങൾ കാണാൻ എല്ലാവരും നേരത്തെ തന്നെ എത്തിത്തുടങ്ങി. ഇന്ന് വൈകിട്ട് ഏഴുമണി വരെയെ സർവീസ് ഉണ്ടാകു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉച്ചയ്ക്ക് ശേഷം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നത്തെ തിരക്ക് കണക്കിലെടുത്ത് ആവശ്യമെങ്കിൽ അധിക സർവീസ് നടത്തും. സാധാരണ ഷെഡ്യൂൾ പ്രകാരം ഫോർട്ട്കൊച്ചിയിലേക്ക് 10 മുതൽ 20 മിനിറ്റിനിടയിൽ മൂന്ന് ബോട്ടുകളാണ് സർവീസ് നടത്തുക. തരിക്ക് കണക്കിലെടുത്ത് വൈപ്പിൻ ബോട്ടുകൾ ഫോർട്ട്കൊച്ചി വഴി സർവീസ് നടത്തും.
ഒരുങ്ങി ക്ലബുകളും ഹോട്ടലുകളും
പുതുവത്സരാഘോഷം കളറാക്കാൻ വിവിധ ക്ലബുകളിലെല്ലാം പരിപാടികളുണ്ട്. ബുക്കിംഗുകളും പൂർത്തിയായി. ഗാനമേള, ഡി.ജെ പാർട്ടി, ഡാൻസ്, മിമിക്‌സ് തുടങ്ങിയവയുണ്ട്.
ക്രിസ്മസിന് മുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചിരുന്നു. വിദേശികളടക്കമുള്ളവരാണ് ബുക്ക് ചെയ്തിട്ടുള്ളവർ.