
നെടുമ്പാശേരി: ആഭ്യന്തര, രാജ്യാന്തര വിനോദ സഞ്ചാരികളുടെ സൗകര്യാർത്ഥം സംസ്ഥാനത്ത് ഹെലി ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും ഹെലി ടൂറിസം നയം രൂപീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന കേരളത്തിലെ ഹെലി ടൂറിസം സർവീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെലി ടൂറിസത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്വകാര്യ , സർക്കാർ മേഖലകളിലായി കൂടുതൽ ഹെലിപാഡുകൾ സ്ഥാപിക്കും. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ഹെലി ടൂറിസം നയം തയ്യാറാക്കുന്നത്. അതിവേഗം സംസ്ഥാനത്തിനുള്ളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. ജനസാന്ദ്രതയും വാഹനപ്പെരുപ്പവും കണക്കിലെടുത്താണ്പുതിയ സംവിധാനം ഒരുക്കുന്നത്. ഹെലി ടൂറിസം ഓപ്പറേറ്റർമാരെ പരിചയപ്പെടുത്തുന്ന വെബ് സൈറ്റ് തയ്യാറാക്കും.
35 വർഷത്തിന് ശേഷം കേരളത്തിൽ സ്വന്തമായി കാരവൻ പദ്ധതി നടപ്പാക്കിയതിന് ശേഷം ഹെലി ടൂറിസവും ഒരുക്കി സഞ്ചാരികൾക്ക് ആവേശം പകരുകയാണ്.
എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, പ്രിൻസിപ്പൽ സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഇൻഫ്രസ്ട്രക്ച്ചർ ചെയർമാൻ എസ്.കെ. സജീഷ്, മാനേജിംഗ് ഡയറക്ടർ ഡോ. മനോജ് കുമാർ, അഡി. ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ എന്നിവർ സംസാരിച്ചു.