കൊച്ചി: ഫോർട്ടുകൊച്ചി വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുകളയണമെന്ന സബ്കളക്ടറുടെ ഉത്തരവിൽ വിവാദം അടങ്ങിയില്ല. പുതുവത്സരാഘോഷത്തിലേക്ക് ഒരു പകൽ മാത്രം ശേഷിക്കേ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യമുയർന്നു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സബ്കളക്ടർ നല്കിയ നി‌ർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോട്ടീസ് നല്കിയെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാ‌ർ. ഇതുസംബന്ധിച്ച് അധികൃതർ ചർച്ചയ്ക്ക് തയാറായില്ലെന്നും പരാതിയുണ്ട്.

ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കൊച്ചിൻ കാർണിവലിന്റെ ഭാഗമായുള്ള പാപ്പാഞ്ഞിയെങ്കിൽ ഇതിന് ഏതാനും മീറ്റർ അകലെയാണ് വെളി മൈതാനത്തെ പാപ്പാഞ്ഞി. പശ്ചിമകൊച്ചിയിൽ ഇടക്കൊച്ചി, പള്ളുരുത്തി, നസ്രത്, ചിറയ്ക്കൽ തുടങ്ങിയ കേന്ദ്രങ്ങളിൽ പുതുവ‌ർഷപ്പിറവി ആഘോഷത്തിൽ കത്തിക്കാനുള്ള

സാന്താ രൂപങ്ങൾ ഉയർത്തിയിട്ടുണ്ട്. ഫോർട്ടുകൊച്ചിയിൽത്തന്നെ മറ്റിടങ്ങളിലും ചെറിയ പപ്പാഞ്ഞികളുണ്ട്. അതിനാൽ വെളി ഗ്രൗണ്ടിലേത് മാത്രം നീക്കം ചെയ്യണമെന്ന ഉത്തരവ് വിവേചനമാണെന്ന് സ്ഥലം കൗൺസിലർ കൂടിയായ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.