വൈപ്പിൻ: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് ആശംസകളുമായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ കുടുംബസമേതം ബിഷപ്പ് ഹൗസിലെത്തി. കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടുനിന്നു. ജനുവരി 20ന് ബിഷപ്പായി ചുമതലയേൽക്കുന്ന ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് എം.എൽ.എ ഉപഹാരങ്ങളും കൈമാറി.
പൊതുസമൂഹത്തിന്റെ ക്ഷേമത്തിന് ഉതകുന്ന മാർഗനിർദ്ദേശങ്ങൾ നിയുക്ത ബിഷപ്പിൽ നിന്നു തേടിയതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഹൃദ്യമായ പ്രതികരണമാണ് അഭിവന്ദ്യ പിതാവിൽ നിന്നുണ്ടായതെന്നും എം.എൽ.എ വ്യക്തമാക്കി. വൈപ്പിനുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന് നിയുക്ത ബിഷപ്പ് പറഞ്ഞു. അമ്മയുടെ വീട് എടവനക്കാടായതിനാലാണ് ഇടവക മദ്ധ്യസ്ഥൻ വിശുദ്ധ അംബ്രോസിന്റെ നാമധേയം ലഭിക്കാൻ ഭാഗ്യമുണ്ടായതെന്നും ബിഷപ്പ് സൂചിപ്പിച്ചു.
എം.എൽ.എയ്ക്കൊപ്പം ഭാര്യ അംബിക , പറവൂർ മുനിസിപ്പൽ കൗൺസിലറും കെ. എസ്. ടി.എ നേതാവുമായ കെ.ജെ. ഷൈൻ, ചവിട്ടുനാടക കലാകാരൻ അലക്‌സ് താളൂപ്പാടത്ത് എന്നിവരുമുണ്ടായിരുന്നു.