മൂവാറ്റുപുഴ: വേനൽ കനത്തതോടെ പുഴകളും തോടുകളും ചിറകളും വറ്റിവരണ്ടതിനാൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രധാന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം അവതാളത്തിൽ. മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതികളിൽ ഏറെയും പുഴകളെയും തോടുകളയും ചിറകളെയും ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.
വേനൽ കനത്തതിനാൽ പുഴയിലും തോടുകളിലും ചിറകളിലുമെല്ലാം ജലനിരപ്പ് താഴ്ന്നിരിക്കുകയാണ്, പെരിയാർ, കാളിയാർ, കോതയാർ, തൊടുപുഴയാർ അടക്കമുള്ളവയെ ആശ്രയിച്ചാണ് പല കുടിവെള്ള പദ്ധതികളും പ്രവർത്തിക്കുന്നത്. മൂവാറ്റുപുഴയാറിന്റെ അവസ്ഥയും ദയനീയമാണ്. ജലനിരപ്പ് താഴ്ന്നതോടെ പുഴകളിലെല്ലാം മണൽതിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. മലങ്കര ഡാം, മൂലമറ്റം പവർഹൗസ് എന്നിവിടങ്ങളിൽ നിന്ന് തുറന്നുവിടുന്ന വെള്ളമാണ് പുഴകളെ ജലസമൃദ്ധമാക്കുന്നത്. ഇതോടൊപ്പം തന്നെ പെരിയാർവാലി, മൂവാറ്റുപുഴവാലി കനാലുകളിൽ വെള്ളം തുറന്നുവിടുന്നതോടെ കിഴക്കൻ മേഖലയിലെ ചെറുതും വലുതുമായ തോടുകളും ജലസമൃദ്ധമാകും. കനാലുകളിൽ വെള്ളം തുറന്ന് വിടാത്തതുമൂലം പല പഞ്ചായത്തുകളിലെയും ചെറുകിട കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം ഭാഗികമായി മുടങ്ങിക്കഴിഞ്ഞു. ഇതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളത്തിനായി ജനംൾ നെട്ടോട്ടത്തിലാണ്. മൂവാറ്റുപുഴയാറിലും പെരിയാറിലും ജലനിരപ്പ് താഴ്ന്നതോടെ പുഴയോരത്തെ കുടിവെള്ള പദ്ധതികളുടെ കിണറുകളിലേക്ക് വെള്ളമെത്തിക്കാൻ പുഴയിൽ ചാലുകൾ ഒരുക്കേണ്ട അവസ്ഥയാണ്. വേനൽ കൂടുതൽ കടക്കുന്നതോടെ കിഴക്കൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയുമുണ്ട്.