
കൊച്ചി: പുതുവത്സരത്തെ വരവേല്ക്കാൻ മറൈൻഡ്രൈവ് പ്രകാശിതമായി. ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ദീപാലങ്കാരം മറൈൻഡ്രൈവിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മറൈൻഡ്രൈവ് വാക് വേയിൽ ഒരുക്കിയിരിക്കുന്ന ദീപാലങ്കാരം കണാൻ നിരവധിപ്പേരാണ് ഇന്നലെ എത്തിയത്. തലസ്ഥാനത്ത് മാത്രം നടത്തിയിരുന്ന ദീപാലംകാരം മേയർ അഡ്വ. എം. അനിൽകുമാറിന്റെ ആവശ്യപ്രകാരമാണ് നഗരത്തിൽ നടപ്പിലാക്കിയത്. 30 ലക്ഷം രൂപയുടെ ദീപാലങ്കാര പ്രവർത്തനങ്ങളാണ് മറൈൻഡ്രൈവിൽ നടപ്പിലാക്കിയത്.
അടുത്തവർഷം ഇതിലും വിപുലമായി രീതിയിൽ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളുടെ സാഹോദര്യത്തെയും മതസൗഹാർദ്ദത്തെയും ശക്തമാക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. കൊവിഡിന് ശേഷം ന്യൂയോർക് ടൈംസ് നടത്തിയ സർവേയിൽ ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 55 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനമാണ് എറണാകുളം ജില്ല. വിമാനത്താവളം, പോർട്ട്, പ്രകൃതി ഭംഗി ഇവയൊക്കെയാണ് ഇതിനുകാരണം. കൊച്ചിയിൽ കോർപ്പറേഷൻ ഫുഡ് സ്ട്രീറ്റ് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. ജനപ്രതിനിധികൾ ആലോചിച്ച് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പാലങ്ങൾ ദീപാലംകൃതമാക്കുന്ന പദ്ധതി എറണാകുളം ജില്ലയിലും നടപ്പിലാക്കും. പാലങ്ങളുടെ താഴെയുള്ള സ്ഥലം ഉപയോഗപ്പെടുത്തുന്ന പദ്ധതിയും ജില്ലയിൽ നടപ്പിലാക്കും. ആലുവയിൽ ഇതിനായി ഒരുപാലം കണ്ടെത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, എസ്.കെ. സജീഷ്, കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. റെനീഷ്, കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ സംസാരിച്ചു.