teacher
എറണാകുളം ജില്ലയിലെ മികച്ച അദ്ധ്യാപികയ്ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌കാരം ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ സ്മിത കരുൺ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻമന്ത്രി ഡൊമിനിക് തോമസ് എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച അദ്ധ്യാപികയ്ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ പുരസ്‌കാരം ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപിക സ്മിത കരുൺ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻമന്ത്രി ഡൊമിനിക് തോമസ് എന്നിവർ പുരസ്കാരം സമ്മാനിച്ചു.

പാഠ്യവും പാഠ്യേതരവുമായ മേഖലകളിൽ മൂന്നുവർഷത്തെ മികച്ച പ്രവർത്തനങ്ങൾ അംഗീകരിച്ചാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രവർത്തനങ്ങളാണ് ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടന്നത്. അദ്ധ്യാപക പരിശീലന പരിപാടികളിലെ റിസോഴ്‌സ് അദ്ധ്യാപികയുമാണ് സ്മിത.

10 വർഷങ്ങളായി ജില്ലാ റിസോഴ്‌സ് പേഴ്‌സണായും കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സംസ്ഥാന അദ്ധ്യാപക പരിശീലന റിസോഴ്‌സ് പേഴ്‌സറായും തൃപ്പൂണിത്തറ വിദ്യാരംഗം കലാസാഹിത്യവേദി ഉപ ജില്ലാ ജോയിന്റ് കോ ഓർഡിനേറ്ററായും പ്രവർത്തിക്കുന്നു. സ്കൂളിൽ നടപ്പാക്കിയ നിരവധി നൂതന പദ്ധതികളുടെ പിന്നിൽ പ്രവർത്തിച്ചത് സ്‌മിത കരുണാണ്.
2002ലാണ് അദ്ധ്യാപികയായി സർവീസിൽ പ്രവേശിച്ചത്. ഉദയംപേരൂർ എസ്.എൻ.ഡി.പി സ്കൂളിലായിരുന്നു പഠനം. അച്ഛൻ ടി.കെ കരുണാകരനും അമ്മ പി.എസ് അമ്മിണിയും ഇതേ സ്കൂളിലെ ഹൈസ്‌കൂൾ അദ്ധ്യാപകരായിരുന്നു. സഹോദരൻ സുജിത്ത് കരുൺ ആദ്യ കെ.എ.എസ് ബാച്ചിൽ അംഗമാണ്. നിലവിൽ എറണാകുളം ജില്ലാ രജിസ്ട്രാറാണ്.

ഭർത്താവ്: പരേതനായ കെ.എസ്. ദീപേഷ്. മക്കൾ: ചന്ദന ദീപേഷ്. (കെ.പി.എം.ജി ഉദ്യോഗസ്ഥൻ), ദേവന ദീപേഷ് (മോഡൽ എൻജിനീയറിംഗ് കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി).