
കൊച്ചി: ഏക സിവിൽകോഡിനെയും പാലസ്തീൻ വിഷയത്തെയും പോലെ അയോദ്ധ്യയെയും സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ നയമാണ് സി.പി.എമ്മിന്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എം നിലപാട് ലജ്ജിപ്പിക്കുന്നു.
സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ നേരത്തെയുള്ളതും അപക്വവും തെറ്റായതുമാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ക്ഷണമില്ല. വ്യക്തികൾക്കാണ് ക്ഷണം. പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും. കേരളം പോലെ 'ഇട്ടാവട്ട സ്ഥല"ത്തിന്റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്.
സർക്കാരിന്റെ സമീപനം നോക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആളുകളെ കരുതൽ തടങ്കലിലാക്കുകയും കരിങ്കൊടി കാട്ടിയാൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്താൽ തിരിച്ചടിയുണ്ടാകും. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി കേരളത്തെ ഗുണ്ടാ സ്റ്റേറ്റാക്കി. പ്രവർത്തകരെ അടിച്ചാൽ ഇനിയും തിരിച്ചടിക്കുമെന്നും സതീശൻ പറഞ്ഞു.
ന്യൂനപക്ഷങ്ങൾ ബി.ജെ.പിയിൽ
എത്തുന്നതിൽ അസഹിഷ്ണുത:
കെ.സുരേന്ദ്രൻ
തൃശൂർ: ബി.ജെ.പിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനെ അസഹിഷ്ണുതയോടെയാണ് സി.പി.എമ്മും കോൺഗ്രസും കാണുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇതിനെയൊക്കെ അതിജീവിച്ചാണ് ന്യൂനപക്ഷങ്ങൾ അടുക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയിൽ ചേർന്ന വൈദികനെയും സ്നേഹസംഗമത്തിൽ ആശംസ നേർന്ന വൈദികനെയും മോശമായ രീതിയിലാണ് കോൺഗ്രസും സി.പി.എമ്മും അവഹേളിക്കുന്നത്. മോദിയുടെ തൃശൂർ സന്ദർശനം ചരിത്രം സൃഷ്ടിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രത്തെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണ് കോൺഗ്രസും സി.പി.എമ്മും.എന്നാൽ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അധികം ആയുസുണ്ടാവില്ലെന്ന് ഇവർ തിരിച്ചറിയണം. ബി.ജെ.പി ഏറ്റവും പ്രഗത്ഭരായവരുടെ സ്ഥാനാർത്ഥി ലിസ്റ്റാണ് പുറത്തിറക്കുക.
പുതിയ വിദ്യാഭ്യാസ നയം ചിന്താശേഷിയെ
മരവിപ്പിക്കും: സീതാറാം യെച്ചൂരി
കണ്ണൂർ: വിദ്യാർത്ഥികളുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നതാണ് നരേന്ദ്രമോദിയുടെ പുതിയ വിദ്യാഭ്യാസ നയമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം ഉയർത്തുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദു രാഷ്ട്ര നിർമ്മിതിക്കുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ മാറ്റുകയാണ്. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനാ മൂല്യങ്ങളിലും ശാസ്ത്ര ചിന്തയിലും ഊന്നിയ വിദ്യാഭ്യാസമാണ് വേണ്ടത്. ഇതിന് വിരുദ്ധമായതും തത്വചിന്തയുടെ മഹനീയ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതുമാണ് പുതിയ നയം. ചരിത്രത്തെ മതം വച്ച് അളക്കുന്നു. ഹിന്ദു ഭരണാധികാരികളെ മഹാന്മാരായും മുസ്ലിം ഭരണാധികാരികളെ മോശക്കാരായും അവതരിപ്പിക്കുകയാണ്. വികലമായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിൽ കേരളമാണ് മുൻനിരയിൽ. കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളം പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
25വാർഡുകളിലെ കരട് വോട്ടർപട്ടിക ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 25 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജനുവരി 25നാണ് അന്തിമ പട്ടിക. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ ഉൾപ്പെടെയുള്ള വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.
കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ഇന്നു മുതൽ 16വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനോ അതിന് മുൻപോ 18വയസ് പൂർത്തിയായവർക്കാണ് പേര് ചേർക്കാൻ അർഹത. ഇതിനായി http://www.sec.kerala.gov.inൽ ഓൺലൈൻ അപേക്ഷ നൽകണം. കരട്പട്ടിക അതത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മിഷന്റെ http://www.sec.kerala.gov.in സൈറ്റിലും ലഭ്യമാക്കും.