p

കൊച്ചി: ഏക സിവിൽകോഡിനെയും പാലസ്തീൻ വിഷയത്തെയും പോലെ അയോദ്ധ്യയെയും സി.പി.എം രാഷ്ട്രീയവത്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയെന്ന ബി.ജെ.പിയുടെ നയമാണ് സി.പി.എമ്മിന്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാകരുതെന്ന് ആഗ്രഹിച്ചാണ് പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളെ വോട്ട് രാഷ്ട്രീയത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന സി.പി.എം നിലപാട് ലജ്ജിപ്പിക്കുന്നു.

സുപ്രഭാതം പത്രത്തിലെ എഡിറ്റോറിയൽ നേരത്തെയുള്ളതും അപക്വവും തെറ്റായതുമാണ്. അത് സമസ്തയുടെ നിലപാടല്ലെന്ന് ജിഫ്രി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് ക്ഷണമില്ല. വ്യക്തികൾക്കാണ് ക്ഷണം. പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും. കേരളം പോലെ 'ഇട്ടാവട്ട സ്ഥല"ത്തിന്റെ രാഷ്ട്രീയം മാത്രമാണ് സി.പി.എമ്മിനുള്ളത്.

സർക്കാരിന്റെ സമീപനം നോക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ആളുകളെ കരുതൽ തടങ്കലിലാക്കുകയും കരിങ്കൊടി കാട്ടിയാൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്താൽ തിരിച്ചടിയുണ്ടാകും. കലാപത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി കേരളത്തെ ഗുണ്ടാ സ്റ്റേറ്റാക്കി. പ്രവർത്തകരെ അടിച്ചാൽ ഇനിയും തിരിച്ചടിക്കുമെന്നും സതീശൻ പറഞ്ഞു.