kalamaseri
കൊച്ചി പകച്ചുപോയ ഒരാണ്ട്

കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയുടെ അതിദാരുണമായ കൊലപാതകം. എട്ടുപേർ കൊല്ലപ്പെട്ട കളമശേരി ബോംബ് സ്‌ഫോടനം. കുസാറ്റിൽ മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേർ മരിച്ച ദുരന്തം. കൊലപാതക പരമ്പരകൾ മുതൽ തട്ടിപ്പുകൾ വരെ. പോയവർഷം എറണാകുളത്തെ ഞെട്ടിച്ചിച്ചതും വേദനപ്പെടുത്തുന്നതുമായ സംഭവങ്ങൾ.

 ജനുവരി 7

• ഇലന്തൂർ നരബലി​ക്കേസ്
ഇലന്തൂർ നരബലിക്കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ചു. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരി പത്മയുടെ കൊലപാതക കേസിന്റെ കുറ്റപത്രമാണ് സമർപ്പിച്ചത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, ഇലന്തൂരിൽ ആയുർവേദ ചികിത്സകനായിരുന്ന ഭഗവൽസിംഗ് (70), ഭാര്യ ലൈല (61) എന്നിവരാണ് പ്രതികൾ.

 ഫെബ്രുവരി 28
• വരാപ്പുഴ പടക്കശാല സ്‌ഫോടനം
വരാപ്പുഴ മുട്ടിനകത്ത് പടക്കം സൂക്ഷിച്ച സ്ഥലത്തുണ്ടായ സ്‌ഫോടനത്തിൽ ഈരയിൽ ഡേവിസ് (52) മരിച്ചു. മൂന്നു കുട്ടികളടക്കം ആറുപേർക്ക് പരിക്കേറ്റു.

 മാർച്ച് 24
• 1200 കോടിയുടെ

ലഹരിമരുന്ന് കടത്ത്


കൊച്ചി തീരത്തുനിന്ന് പിടികൂടിയ 1200 കോടിയുടെ ഹെറോയിനുൾപ്പെടെയുള്ള 340 കിലോ ലഹരിമരുന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നശിപ്പിച്ചു.


 മേയ് 5
• തുമ്പൂഴമുഴി കൊലപാതകം
അങ്കമാലിയിലെ സൂപ്പർമാർക്കറ്റ് ജീവനക്കാരി കാലടി ചെങ്ങൽ സ്വദേശി ആതിരയെ കൊന്ന് അതിരപ്പള്ളി തുമ്പൂർമുഴി വനത്തിൽ തള്ളിയ കേസിൽ സുഹൃത്ത് അഖിൽ അറസ്റ്റിൽ.

 മേയ് 13
• 15,000 കോടി​യുടെ ലഹരിമരുന്ന് പിടികൂടി
ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായി എൻ.സി.ബിയും നാവികസേനയും ചേർന്ന് മാലദ്വീപ് ഭാഗത്തേക്ക് പോയ കപ്പലിൽനിന്ന് 15,000 കോടി രൂപയുടെ 2500 കിലോയിലധികം മെത്താംഫെറ്റമുമായി പാകിസ്ഥാൻ പൗരൻ സുബൈറിനെ അറസ്റ്റ് ചെയ്തു.

 ജൂലായ് 29
• അഞ്ച് വയസുകാരിയെ പീഡി​പ്പി​ച്ച് കൊന്നു
ആലുവയിൽ കാണാതായ ബീഹാറി ദമ്പതികളുടെ അഞ്ചുവയസുള്ള മകളെ പീഡിപ്പിച്ചുകൊന്ന ബിഹാർ സ്വദേശി അഫ്‌സാക് ആലം (28) അറസ്റ്റിലായി.


 ആഗസ്റ്റ് 9
• യുവതിയെ കുത്തിക്കൊന്നു
കലൂരിൽ ചങ്ങനാശേരി സ്വദേശിനി രേഷ്മയെ (22) കുത്തിക്കൊന്ന ഹോട്ടൽ കെയർടേക്കറായ കോഴിക്കോട് സ്വദേശി നൗഷീദ് (30) അറസ്റ്റിലായി.

 സെപ്റ്റംബർ 7
• എട്ടു വയസുകാരി​ക്ക് പീഡനം
ആലുവ എടയപ്പുറത്ത് വീടിനുള്ളിൽ സഹോദരനൊപ്പം ഉറങ്ങുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിൽ രാജിനെ അറസ്റ്റ് ചെയ്തു.

 സെപ്റ്റംബർ 12
• ലോൺആപ്പ് ജീവനെടുത്ത കുടുംബം
കടമക്കുടിയിൽ മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു. ലോൺ ആപ്പ് വഴി പണം കടമെടുത്തതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. നിജോ, ഭാര്യ ശിൽപ, മക്കളായ ഏയ്ബൽ, ആരോൺ എന്നിവരാണ് മരിച്ചത്.

 സെപ്റ്റംബർ 16
• ജെഫ് ജോൺ വധക്കേസ്
രണ്ടുവർഷംമുമ്പ് കാണാതായ തേവര പെരുമാനൂർ സ്വദേശി ചെറുപുന്നത്തിൽവീട്ടിൽ ജെഫ് ജോൺ ലൂയിസിനെ ഗോവയിൽ സുഹൃത്തുക്കൾ കൊന്നതായി കണ്ടെത്തി. കേസിൽ അഞ്ച് പേർ അറസ്റ്റിലായി.


 ഒക്‌ടോബർ 1
• ഡോക്ടർമാർക്ക് ദാരുണാന്ത്യം
ഗോതുരുത്ത് കടൽവാതുരുത്തിൽ വഴിതെറ്റി സഞ്ചരിച്ച കാർ പുഴയിൽവീണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് എ.ആർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഡോക്ടർമാരായ കൊടുങ്ങല്ലൂർ മതിലകം പാമ്പിനേഴത്ത് അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറത്തുണ്ടിയിൽ അദ്വൈത് (28) എന്നിവർ മരിച്ചു.


 ഒക്‌ടോബർ 29
• എട്ടുപേരുടെ ജീവനെടുത്ത

കളമശേരി സ്‌ഫോടനം
കളമശേരി സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പ്രാർത്ഥനാസമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 8 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ചിലവന്നൂർ സ്വദേശി ഡൊമിനിക് മാർട്ടിൻ കീഴടങ്ങി

 നവംബർ 5
• ഇതരസംസ്ഥാന തൊഴിലാളികളെ

കഴുത്തറുത്ത് കൊന്നു
ഇതരസംസ്ഥാന തൊഴിലാളികളായ അസം ദമാജി ബാലിഡാലി ഹസ്താറാം സ്വർഗിരി സ്വദേശി മഹന്ദ സ്വർഗിരി (30), ദമാജി തേക്ജാരി ബിഷ്‌നപുർ ബോഡോ റോബിഡമാസ് സ്വദേശി ദീപാങ്കർ ബസുമട്രെ (33) എന്നിവരെ തടിമില്ലിൽ കഴുത്തറുത്ത് കൊന്ന ഒഡിഷ സ്വദേശി ഗോപാലിനെ (22) അറസ്റ്റ് ചെയ്തു.

 നവംബർ 7
പ്രണയിച്ചതിന് വിഷം
ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛൻ മർദ്ദിച്ച് അവശയാക്കി വിഷം നൽകിയ കരുമാല്ലൂർ മറിയപ്പടി ഐക്കരക്കുടി ഫാത്തിമ മൻസിലിൽ ഫാത്തിമ മരിച്ചു. അച്ഛൻ അബീസ് (44) അറസ്റ്റിലായി.

നവംബർ 14
• അസ്ഫാക്ക് ആലത്തിന് വധശിക്ഷ
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന കേസിൽ പ്രതി ബിഹാർ കൊറഗാഞ്ച് സ്വദേശി അസ്ഫാക് ആലമിനെ (28) കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ചു.

 നവംബർ 25
• കുസാറ്റ് ദുരന്തം: നാല് പേർക്ക് ദാരുണാന്ത്യം
കുസാറ്റ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഗാനസന്ധ്യയ്ക്ക് മുമ്പാണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

 ഡിസംബർ 10
• ഷൂ ഏറ് കേസ്
നവകേരളസദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ പെരുമ്പാവൂർ ഓടയ്ക്കാലി ജംഗ്ഷനുസമീപം ഷൂ എറിഞ്ഞ കേസിൽ നാല് കെ.എസ്‌.യു പ്രവർത്തകർ അറസ്റ്റിലായി.

 ഡിസംബർ 3
• ഒരുമാസം പ്രായമുള്ള കുട്ടിയെ കൊന്നു
ഒന്നര മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും സുഹൃത്തും അറസ്റ്റിൽ. അമ്മ എഴുപുന്ന സ്വദേശിനി അശ്വനി ഓമനക്കുട്ടൻ, സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി. ഷാനിഫ് എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മൃതദേഹം പിന്നീട് പൊലീസ് നേതൃത്വത്തിൽ സംസ്‌കരിച്ചു.