ആലങ്ങാട്: മുപ്പത്തടം ജലശുദ്ധീകരണ കേന്ദ്രത്തിൽ നിന്ന് കരുമാല്ലൂർ മേഖലയിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പ് പൊട്ടുന്നത് പതിവാകുന്നു. പൈപ്പ്‌ലൈൻ അടിക്കടി പൊട്ടുന്നതുമൂലം കരുമാല്ലൂർ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്.

മുപ്പത്തടം ജലശുദ്ധീകരണശാലയിൽ നിന്നുള്ള പൈപ്പ് ഒരാഴ്ച്ചയ്ക്കുള്ളിൽ നിരവധി സ്ഥലങ്ങളിലാണ് പൊട്ടിയത്. ആലുവ - പറവൂർ റോഡിൽ മാത്രം പലയിടങ്ങളിലും പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴായി. ആനച്ചാൽ വളവിൽ പൈപ്പ് പൊട്ടി ദിവസങ്ങളോളം വെള്ളം പാഴായിരുന്നു. കഴിഞ്ഞ ദിവസമാണ് ആനച്ചാൽ വളവിലെ പൈപ്പ് അറ്റക്കുറ്റപ്പണി നടത്തിയത്. മുപ്പത്തടം ജലശുദ്ധീകരണ കേന്ദ്രത്തിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച 400 എം.എം പ്രിമോ പൈപ്പുകളാണ് അധികവും പൊട്ടുന്നത്. കഴിഞ്ഞ ദിവസം തട്ടാംപടിയിൽ പ്രധാന റോഡിൽ പൈപ്പ് ലൈൻ പൊട്ടിയത് കാരണം ഈ മേഖലയിൽ ജലക്ഷാമം നേരിട്ടിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച
വൈകിട്ടോടെ ജല അതോറിട്ടി ജീവനക്കാർ എത്തിയാണ് 400 എം.എം പ്രിമോ പൈപ്പിന്റെ
ചോർച്ച അടച്ചത്. കരുമാല്ലൂർ ആശുപത്രിപ്പടി, കോട്ടപ്പുറം എന്നിവിടങ്ങളിലും പൈപ്പ് ലൈൻ തകരാറിലാകുന്നത് പതിവാണ്. കാലപ്പഴക്കമുള്ള പ്രിമോ പൈപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടി ആരംഭിച്ചിട്ടില്ല.