ആലുവ: കുട്ടമശേരിയുടെ നെല്ലറകളിൽ തുടർച്ചയായി ഏഴാം വർഷവും കൃഷി ആരവം ഉയരുകയാണ്. കുണ്ടോപാടം, തണങ്ങാട്, തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരങ്ങളാണ് വീണ്ടും പച്ചയണിയുന്നത്. വിവിധ പാടശേഖര സമിതികളുടെയും സംഘടനകളുടെയും വ്യക്തികളുടെയുമെല്ലാം നേതൃത്വത്തിൽ ഇതിനകം കൃഷിയാരംഭിച്ചു.
തരിശായി കിടന്നിരുന്ന ഏക്കർ കണക്കിന് പാടങ്ങളിൽ കഴിഞ്ഞ വർഷങ്ങളിലായി നെൽക്കൃഷി തിരിച്ചെത്തുകയായിരുന്നു. 20 ഏക്കറോളം വരുന്ന കുണ്ടോപാടത്ത് ഏഴ് വർഷത്തോളമായി തുടർച്ചയായി നെൽകൃഷിയുണ്ട്. പാടശേഖര സമിതി രൂപീകരിച്ചാണ് കൃഷി പുനർജീവിപ്പിച്ചത്. ഇടയ്ക്ക് വെള്ളപ്പൊക്കവും മറ്റുമായി നഷ്ടങ്ങളുണ്ടായെങ്കിലും അതൊന്നും കാര്യമാക്കാതെ ഇപ്പോഴും കൃഷിയിറക്കുകയാണ്. കുട്ടമശേരി സഹകരണ ബാങ്കിന്റെ പൂർണസഹായവുമുണ്ട്.
കാൽനൂറ്റാണ്ടിലധികമായി തരിശ് കിടക്കുകയായിരുന്നു ഏക്കർ കണക്കിന് വരുന്ന തുമ്പിച്ചാൽ വട്ടച്ചാൽ പാടശേഖരം. സമീപത്തെ ചാലക്കൽതോടും കാടുപിടിച്ച് ഇടിഞ്ഞ് മഴവെള്ളവും മറ്റും സുഗമമായി ഒഴുകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനിയിൽപ്പെടുത്തി തോട് ശുചീകരിച്ചതോടെ കുട്ടമശേരി സൂര്യ പുരുഷ സഹായ സംഘം 2022ൽ കൃഷിയിറക്കുകയായിരുന്നു. 25 ഏക്കറിലധികമാണ് ഇവിടെ കൃഷി ഇറക്കുന്നത് .
ഇക്കുറിയും നിരവധി യുവകർഷകരും ഏക്കറുകണക്കിന് സ്ഥലങ്ങളിൽ നെൽകൃഷി ചെയ്തിട്ടുണ്ട്. യുവാക്കളുടെ നെൽക്കൃഷി കുട്ടമശേരിയുടെ പുതിയ തലമുറയ്ക്കും പുത്തൻ പ്രതീക്ഷകളും പ്രചോദനവും പകരുന്നുണ്ട്.