ആലുവ: മികച്ച പാടശേഖരസമിതിക്കുള്ള ജില്ലാ പഞ്ചായത്തിന്റെ അവാർഡ് കടുങ്ങല്ലൂർ പഞ്ചായത്തിലെ എടയാറ്റുചാൽ നെല്ല് ഉത്പാദക സമിതി സ്വന്തമാക്കി. കാലങ്ങളോളം തരിശ് കിടന്ന മുന്നൂറ് ഏക്കറോളമുള്ള എടയാറ്റുചാൽ പാടശേഖരത്തിൽ നെൽക്ക‌ൃഷി വിജയകരമായി നടത്തിയതിനാണ് അംഗീകാരം.

കാർഷിക മേഖലയിൽ പ്രവർത്തിക്കുത്ത പി.എ. അബൂബക്കറാണ് 2017ൽ എടയാറ്റുചാലിൽ നെൽക്കൃഷി പുനരാരംഭിക്കാനുള്ള ആശയം മുന്നോട്ടുവെച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷും പൂർണ പിന്തുണ നൽകി. തുടർന്ന് പാടശേഖര സമിതി ബാങ്ക് വായ്പയെടുത്ത് 10 ഏക്കറിൽ കൃഷിയിറക്കിയെങ്കിലും ലാഭകരമായില്ല. സാമ്പത്തിക നഷ്ടമുണ്ടായതിനാൽ തുടർന്ന് കൃഷിയിറക്കിയില്ല. പിന്നീട് 2021ൽ കുട്ടനാടൻ കർഷകരുടെ സഹകരണത്തോടെ പുനരാരംഭിച്ച കൃഷി ഇതുവരെ മുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം 227 ഏക്കറിൽ നിന്ന് ഉത്പാദിപ്പിച്ച 355 ടൺ നെല്ലും സിവിൽ സപ്ളൈസ് കോർപ്പറേഷന് വിറ്റു.
ഈ വർഷം 230 ഏക്കറിൽ കൃഷിയിറക്കിയിട്ടുണ്ട്. ഫെബ്രുവരിയിൽ കൊയ്ത്തുത്സവം നടക്കും. ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്. ജനുവരി ആറിന് കടുങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജിവ് അവാർഡ് കൈമാറും.