ആലുവ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രധാനപാലങ്ങളിൽ വൈദ്യുതിയലങ്കാരം സ്ഥാപിക്കുന്ന പദ്ധതിയിൽ നിന്ന് ഇത്തവണയും ആലുവ മാർത്താണ്ഡവർമ പാലത്തെ ഒഴിവാക്കി. ആലുവ ശിവരാത്രി നടപ്പാലത്തിലും വൈദ്യുതിയലങ്കാരം സ്ഥാപിക്കുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനമാണ് ഈ പുതുവത്സരദിനത്തിലും ജലരേഖയായത്.

കോഴിക്കോട്, തിരുവനന്തപുരം മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി പ്രഖ്യാപിച്ചത്. പിന്നീട് അൻവർ സാദത്ത് എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം പെരിയാറിന് കുറുകെയുള്ള മാർത്താണ്ഡവർമ്മ പാലത്തിലും ശിവരാത്രി മണപ്പുറം നടപ്പാലത്തിലും പദ്ധതി അനുവദിച്ചു. രണ്ട് മാസം മുമ്പ് നവീകരിച്ച ആലുവ മുനിസിപ്പൽ പാർക്ക് ഉദ്ഘാടന ചടങ്ങിലും മന്ത്രി മുഹമ്മദ് റിയാസ് പാലങ്ങൾ ദീപങ്ങളാൽ അലങ്കരിക്കുന്ന പദ്ധതി ആവർത്തിച്ചു. അതിനാൽ ഈ ക്രിസ്മമസ് - പുതുവത്സര സീസണിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ ദീപാലങ്കാരം ഉണ്ടാകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചിരുന്നു.