saras
ജവഹർലാൽ നെഹ്റു സ്റ്റേഡിയം മൈതാനിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ നോർത്ത് ഇന്ത്യൻ അച്ചാറുകളുടെ സ്റ്റാൾ

കൊച്ചി: നോർത്ത് ഇന്ത്യൻ രുചിക്കൂട്ടിൽ തീർത്ത അച്ചാറുകൾക്ക് പത്താമത് ദേശീയ സരസ് മേളയിൽ പ്രിയമേറുന്നു. മാങ്ങാ പെരട്ട്, കട്ട് മാങ്ങ, പീല മാങ്ങ, വെളുത്തുള്ളി, പച്ചമുളക്, ഡ്രൈ ഫ്രൂട്ട്, മധുര മാങ്ങ, ബ്ലൂ ബെറി സ്വിറ്റ്, പാവയ്ക്ക, നെല്ലിക്ക, റെഡ് ചില്ലി, റെഡ് ലെമൺ, ബ്ലാക്ക് ലെമൺ, റെഡ് മിക്‌സ്, തേൻ നെല്ലിക്ക, ലെമൺ ചില്ലി തുടങ്ങിയ വ്യത്യസ്തമായ രുചിക്കൂട്ടുകളാണ് മേളയിലെത്തുന്നവർക്ക് കൊതിയൂറും വിധം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നുള്ള രാധിക കുമാരി, സനൂബ, റീന, ലത, മഞ്ജു എന്നീ വനിതാ സംരംഭകരാണ് കുടുംബശ്രീ സരസ് മേളയിൽ നോർത്ത് ഇന്ത്യൻ അച്ചാർ വിഭവങ്ങളുമായി എത്തിയിരിക്കുന്നത്. രുചികരമായ അച്ചാറുകൾ 250 ഗ്രാമിന് 100 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്. നേരിട്ടുള്ള വിപണനത്തേക്കാൾ കൂടുതൽ കുടുംബശ്രീ, മറ്റ് സ്റ്റാളുകൾ കേന്ദ്രീകരിച്ചുമാണ് അച്ചാറുകൾ വിപണനം നടത്തുന്നതെന്ന് സംരംഭകരിൽ ഒരാളായ രാധിക കുമാരി പറഞ്ഞു.
മനം കവർന്ന് കുത്താമ്പുള്ളി ബഡ്ഷീറ്റുകൾ

കുത്താമ്പുള്ളി കൈത്തറി ബെഡ്ഷീറ്റുകൾക്ക് സരസിൽ ആവശ്യക്കാർ ഏറുന്നു. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമായി സന്ദർശകരുടെ മനം കവരുന്ന ബെഡ് ഷീറ്റുകൾക്ക് മറ്റു വിപണികളെ അപേക്ഷിച്ച് വില കുറവാണെന്നതാണ് സരസിലെ പ്രത്യേകത.

തൃശൂർ തിരുവില്വാമലയിലെ സൊസൈറ്റി മില്ലിൽ നെയ്‌തെടുത്ത ബെഡ് ഷീറ്റുകളാണ് മേളയിൽ എത്തിച്ചിരിക്കുന്നത്. 140 ലധികം തൊഴിലാളികൾ ചേർന്ന് ഒരു ദിവസം 200 ജോഡി ബെഡ്ഷീറ്റുകൾ (400 പീസ്) വരെ മില്ലിൽ നെയ്‌തെടുക്കും.

കുത്താമ്പുള്ളി കൈത്തറി തുണികൾ വിൽക്കുന്നതിനായി മേളയിൽ മൂന്ന് സ്റ്റാളുകളുണ്ട്. രണ്ട് ബെഡ്ഷീറ്റുകൾക്ക് 400, 500 രൂപയാണ് വില . സെറ്റ് സാരി, കസവ് മുണ്ട്, കളർ സാരീ എന്നിവയും സൊസൈറ്റി മില്ലിൽ നെയ്‌തെടുക്കും.