പറവൂർ: കഥാപ്രസംഗം ആദ്യമായി അവതരിപ്പിച്ച വടക്കുംപുറത്തെ സരസ്വതി ക്ഷേത്രം പാഠശാലയിൽ വിദ്യാർത്ഥികൾ കഥകൾ പ്രസംഗിച്ച് പഠിച്ചു. നൂറ് വർഷം മുമ്പ് വടക്കുംപുറം കേളപ്പനാശാന്റെ ഉടമസ്ഥതയിലെ സരസ്വതീ ക്ഷേത്രം പാഠശാലയിൽ വച്ചാണ് ആദ്യമായി കഥാപ്രസംഗകല അവതരിപ്പിക്കപ്പെട്ടത്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി കവിതയാണ് സത്യദേവൻ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചത്.
ഗുരുദേവന്റെ ആശീർവാദത്തോടെയാണ് സത്യദേവന് കഥ പറയാൻ കേളപ്പനാശാൻ അവസരം ഒരിക്കിയത്. ശ്രീനാരായണ ഗുരുദേവന്റെ മാനവീയ ദർശനം ഉൾക്കൊണ്ട് സാമൂഹ്യമാറ്റത്തിനായി പ്രവർത്തിച്ച കേളപ്പനാശാന്റെ മഹത്വപൂർണമായ പ്രവർത്തനമാണ് വടക്കുംപുറം പ്രദേശത്ത് കലാ- സാഹിത്യ- സാംസ്കാരിക വളർച്ചയ്ക്ക് വളമേകിയത്. കഥാപ്രസംഗകലയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, പുരോഗമന കലാസാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസത്തെ കഥാപ്രസംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കഥാപ്രസംഗ അവതരണം, അഭിനയം, സംഗീതം, ഭാഷ, നാടകീയത, കഥാപ്രസംഗം പുതിയ കാലത്ത് എന്നി വിഷയങ്ങളിലായിരുന്നു ക്ളാസ്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ചാം ക്ളാസ് മുതൽ ഡിഗ്രി വരെയുള്ള അമ്പതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു. കാഥികരായ ഡോ. വസന്തകുമാർ സാംബശിവൻ, ഡോ. നിരണം രാജൻ, മുതുകുളം സോമനാഥ്, എം.ആർ. പയ്യട്ടം, തോന്നയ്ക്കൽ വാമദേവൻ, അഡ്വ. വി.വി. ജോസ് കല്ലട, കൊല്ലം കാർത്തിക്, ആർ. സുരേഷ് ശങ്കർ, പാലനന്ദകുമാർ, കൈതാരം വിനോദ്കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.