മൂവാറ്റുപുഴ: നവകേരള സദസിൽ പരാതി നൽകിയതിനെ തുടർന്ന് ആവോലി പഞ്ചായത്ത് ഏഴാം വാർഡിൽ വാഴക്കുളം - അരിക്കുഴ റോഡിന് കുറുകെ കുമ്പിടാൻ പാടത്തിന് സമീപം കലുങ്ക് നിർമ്മാണം തുടങ്ങി. വാഴക്കുളത്ത് നിന്ന് ഒന്നര കിലോമീറ്റർ ദൂരത്താണ് കലുങ്ക്. വ
ർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കലുങ്ക് തകർന്ന് ശോച്യാവസ്ഥയിലായിരുന്നു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കലുങ്കിന്റെ അപകടാവസ്ഥ സംബന്ധിച്ച് പലതവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. സി.പി.എം കാവന സൗത്ത് ബ്രാഞ്ച് നൽകിയ നിവേദനത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ കലുങ്ക് നിർമ്മാണത്തിന് സർക്കാർ 25 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിർമ്മാണം നീട്ടിക്കൊണ്ടുപോയി. കലുങ്ക് അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 10 ന് മൂവാറ്റുപുഴയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി നിവേദനം നൽകി. തുടർന്ന് കഴിഞ്ഞ ദിവസം നിർമ്മാണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇതുവഴി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.