
കൊച്ചി: പുതുവർഷത്തിൽ വലിയ മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണ് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണി. കഴിഞ്ഞ നാല് വർഷത്തെ ദുരിതകാലം മറികടന്ന് വളർച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് ഭവന നിർമ്മാണ മേഖല നീങ്ങുമെന്നാണ് പ്രമുഖ ബിൽഡർമാർ പ്രതീക്ഷിക്കുന്നത്. ഓഹരി, കമ്പോള ഉത്പന്ന, സ്വർണ വിപണികൾ നിക്ഷേപകർക്ക് കഴിഞ്ഞ വർഷം വൻ നേട്ടം നൽകിയതിനാൽ ഭൂമി, ഫ്ളാറ്റ്, അപ്പാർട്ട്മെന്റ്, വീട് എന്നിവയുടെ വില്പന വരും മാസങ്ങളിൽ കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള മാന്ദ്യം ശക്തമായതിനാൽ ഈ വർഷം വായ്പകളുടെ പലിശയിൽ ഒരു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവർ പറയുന്നത്. ഇതോടൊപ്പം നിർമ്മാണ സാമഗ്രികളുടെ വിലയിലുണ്ടാകുന്ന കുറവും റിയൽ എസ്റ്റേറ്റ് വിപണിക്ക് കരുത്ത് പകരും. കാർഷിക മേഖലയിലെ ഉണർവും റിയൽ എസ്റ്റേറ്റ് രംഗത്തിന് ഗുണമാകും.
ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഫ്‌ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കുമൊപ്പം ഭൂമിയുടെ വിൽപ്പനയിലും മികച്ച ഉണർവ് ദൃശ്യമാണ്. വൻകിട , ഇടത്തരം നഗരങ്ങളിലാണ് നിലവിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ നിക്ഷേപം ഒഴുകിയെത്തുന്നത്. നിർമ്മാണം പൂർത്തിയായ ഫ്‌ളാറ്റുകളും വില്ലകളും ലഭ്യമല്ലാത്ത സാഹചര്യം നിലവിലുണ്ടെന്ന് ബിൽഡർമാർ പറയുന്നു. ശക്തമായ നിയന്ത്രണ സംവിധാനം വന്നതോടെ നിക്ഷേപകർക്ക് ഈ രംഗത്ത് വിശ്വാസ്യത വർദ്ധിച്ചു.
അസംസ്‌കൃത സാധനങ്ങളുടെ അതി ഭീകരമായ വിലക്കയറ്റവും നിർമ്മാണ തൊഴിലാളികളുടെ ദൗർലഭ്യവും ഉയർന്ന കൂലിച്ചെലവുമാണ് ഫ്‌ളാറ്റ്, വില്ല നിർമ്മാതാക്കളെ കഴിഞ്ഞ രണ്ടു വർഷമായി വലയ്ക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു മാസമായി നിർമ്മാണ സാമഗ്രികളുടെ വില കുറയുന്ന
ട്രെൻഡ് ദൃശ്യമാണെന്നും അവർ പറയുന്നു.