saras
ദേശീയ സരസ് മേളയുടെ ഔദ്യോഗിക സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇന്ത്യയിലെ പെൺകരുത്തിന്റെ മഹാപ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഔദ്യോഗിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുടുംബശ്രീ കേരളത്തിൽ ഇത്ര വലിയ വിജയമായതിന് പിന്നിൽ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാഹചര്യത്തിൽ വേരുകളാഴ്ത്തി തഴച്ചുവളർന്ന മഹാ വൃക്ഷമാണ് കുടുംബശ്രീ. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കുടുംബശ്രീയെക്കുറിച്ച് പഠിക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ട്.

കുടുംബശ്രീയെ സംബന്ധിച്ച് വിജയത്തിന്റെ വർഷമായിരുന്നു 2023. ചരിത്രത്തിലാദ്യമായാണ് സരസ് മേള രണ്ട് ദിവസം നീട്ടുന്നത്. 7.5 കോടിയുടെ വിറ്റുവരവാണ് ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം സരസ് മേളയിലുണ്ടായിരിക്കുന്നത്. ഫുഡ് കോർട്ടിൽ 98 ലക്ഷം രൂപയുടെ വിറ്റുവരവാണ് നേടിയത്. കൊച്ചി സരസ് മേളയിൽ രണ്ട് ലോക റെക്കാഡുകളാണ് പിറന്നത്. ഏറ്റവും കൂടുതൽ മില്ലെറ്റ് വിഭവങ്ങൾ തയ്യാറാക്കിയതിനും ഏറ്റവും കൂടുതൽ പേരെ അണിനിരത്തി ചവിട്ടുനാടകം സംഘടിപ്പിച്ചതിനുമാണ് ഈ ലോക റെക്കാഡുകൾ. ഇതിനു പുറമേ വേറെയും രണ്ട് ലോക റെക്കാഡുകൾ നേടാൻ ഈ വർഷം കുടുംബശ്രീക്ക് കഴിഞ്ഞു. തദ്ദേശ വിദ്യാർത്ഥി​കളുടെ ഏറ്റവും വലിയ ക്യാൻവാസ് ചിത്രം വരച്ചതിന്റെയും തൃശൂരിൽ നടന്ന 7027 പേർ പങ്കെടുത്ത മെഗാ തിരുവാതിരയുടെയും റെക്കാഡുകളാണത്. 2023 കുടുംബശ്രീയെ സംബന്ധിച്ച് അഭിമാനകരമായ വർഷമായിരുന്നുവെന്നും മന്ത്രി പറഞ്ഞു

സരസ് മേളയുടെ സംഘാടകവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾക്കുള്ള പുരസ്‌കാരങ്ങളും വേദിയിൽ വിതരണം ചെയ്തു. കൊച്ചി മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിൻ, കെ.എൻ. ഉണ്ണികൃഷ്ണൻ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്‌സനും കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗവുമായ രമ സന്തോഷ്, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർ പി.എം. ഷഫീഖ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.എം. റജീന, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീകാന്ത്, സി.ഡി.എസ് ചെയർപേഴ്‌സൺമാർ തുടങ്ങിയവർ സംസാരിച്ചു.