
അന്നൊരു വൈകുന്നേരമായിരുന്നു. തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ വന്നിറങ്ങിയ അതിഥിയെ കാത്ത് മാദ്ധ്യമ സംഘം ഉണ്ടായിരുന്നെങ്കിലും കൈവീശി അഭിവാദ്യം ചെയ്തതല്ലാതെ ഒന്നും സംസാരിച്ചില്ല. ഇന്ത്യൻ
സിനിമയിലെ അതികായനായ മൃണാൾസെൻ ആയിരുന്നു അത്. 2009 ഡിസംബർ 10. അടുത്ത ദിവസം ആരംഭിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ആ പ്രതിഭയുടെ അഭിമുഖം അന്നുതന്നെ കിട്ടാൻ ശ്രമിച്ചു. മൃണാൾ ദാ അന്ന് ആരോടും സംസാരിക്കില്ലെന്ന് ചലച്ചിത്ര അക്കാഡമി ഭാരവാഹികൾ; പ്രത്യേകിച്ചും അന്ന് ആർട്ടിസ്റ്റിക് ഡയറക്ടറായ ബീനാ പോൾ.പറഞ്ഞു.
സർക്കാർ അതിഥിയായ മൃണാൾ ദായെ ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ അന്നത്തെ സാംസ്ക്കാരിക മന്ത്രി കാർ
അയച്ചിരുന്നു. ആ കാറിൽ കയറിപ്പറ്റിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് അറിയാമായിരുന്നു. അതു നടന്നു.
യാത്രയെക്കുറിച്ച് ചോദിച്ചശേഷം നേരെ ബംഗാൾ രാഷ്ട്രീയം എടുത്തിട്ടതോടെ മൃണാൾ ദാ വാചാലനായി. പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വിജയിച്ചില്ലെന്ന മൃണാൾദായുടെ ആദ്യ കമന്റ് തന്നെ ഞെട്ടിച്ചു. ഇടതു സഹയാത്രികനായ മൃണാൾ ദാ അങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നന്ദിഗ്രാം ഉൾപ്പെടെ പല പ്രശ്നങ്ങളിലുംബുദ്ധദേബ് സർക്കാരിന് ശരിയായ സമീപനം കൈക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു . കൊൽക്കത്തയെക്കുറിച്ച് ചിത്രത്രയം (ട്രിലോജി ) എടുത്തിട്ടുള്ള മൃണാൾദായുടെ വാക്കുകൾ തീപിടിപ്പിക്കുന്നതായിരുന്നു.
' നിങ്ങൾക്കറിയാമോ? ബംഗാളിന്റെ ഇന്നത്തെ അവസ്ഥ വളരെ മോശമാണ്. അപകടകരം. അടുത്ത തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിക്കുമെന്ന് ഞാൻ കരുതുന്നില്ല. സർക്കാരിന് ശരിയായ ഗൈഡൻസ് കിട്ടിയിരുന്നില്ല. പ്രകാശ് കാരാട്ടിനെയേ ഞാൻ കുറ്റം പറയുകയുള്ളൂ. എന്നാൽ മമതാ ബാനർജിയെ വിശ്വസിക്കാൻ കൊള്ളില്ല. അവർ അപകടകാരിയാണ്. എന്തായാലും ബംഗാളിന്റെ ഭാവിയെക്കുറിച്ചോർത്ത് ഭയം തോന്നുന്നു.'
പിന്നെ സിനിമയിലേക്ക് സംഭാഷണം കടന്നു. ' ബംഗാളിന്റെ ഭാവിയെക്കുറിച്ചോർത്ത് ഭയം തോന്നുന്നു ' എന്ന തലക്കെട്ടിൽ ഡിസംബർ 11ന് കേരളകൗമുദി ഒന്നാം പേജിൽ ആ അഭിമുഖം പ്രസിദ്ധീകരിച്ചു. അതൊരു പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നു. മൃണാൾ ദാ പറഞ്ഞതുപോലെ അടുത്ത തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി പരാജയപ്പെട്ടു. മമത അധികാരത്തിൽ വരികയും ചെയ്തു. പിന്നീടൊരു തിരിച്ചു വരവിനു കഴിഞ്ഞതുമില്ല. ചലച്ചിത്രോത്സവത്തിൽ നിന്നു മടങ്ങുന്നതുവരെ പല ദിവസങ്ങളിലും അദ്ദേഹത്തെ കണ്ടു. എം.എ.ബേബിയാണ് മന്ത്രിയെന്ന നിലയിൽ അന്ന് മൃണാൾ ദായെ ക്ഷണിച്ചത്. അവർ തമ്മിൽ വലിയ അടുപ്പമായിരുന്നു.
വലിയ മനുഷ്യനായിരുന്നു മൃണാൾദാ. ജീവിതത്തിന്റെ അർത്ഥവും നിരർത്ഥകതയും ഒരുപോലെ തിരിച്ചറിഞ്ഞയാൾ. കേരളത്തോട് ഒരു പ്രത്യേക മമത കാട്ടിയിരുന്നു. സത്യജിത് റേയും ഋത്വിക് ഘട്ടക്കും മൃണാൾ സെന്നും- ബംഗാൾ സിനിമയെ അടയാളപ്പെടുത്തിയ ഇവർ മൂന്നുപേരും ലോകവേദിയിൽ ഇന്ത്യൻ സിനിമയുടെ മുഖമായി മാറി.
'എന്റെ ഒരു മൂത്ത ജ്യേഷ്ഠനെപ്പോലെയായിരുന്നു മൃണാൾ ദാ. അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു . 'എന്റെ സിനിമകൾ കാണുകയും അവ ഇഷ്ടപ്പെട്ടതിനെക്കുറിച്ച് വളരെ വാത്സല്യത്തോടും സ്നേഹത്തോടും സംസാരിക്കുകയും ചെയ്തിരുന്നു. അവർ മൂന്നു പേരും അങ്ങനെയായിരുന്നു. മൃണാൾദായ്ക്കുള്ളതുപോലെ റേയ്ക്കും അടുപ്പമുണ്ടായിരുന്നു. ഘട്ടക്ക് എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു. മൃണാൾ ദായ്ക്ക് ഒരിക്കലും പ്രായമാകില്ലെന്ന് ഞാൻ അദ്ദേഹത്തോട് തമാശയായി പറയുമായിരുന്നു.ഏക് ദിൻ പ്രതിദിൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ചിത്രം. ഇഷ്ടമായ മറ്റു സിനിമകളുമുണ്ട്. ' അടൂർ പറഞ്ഞു.
ഇപ്പോൾ ബംഗ്ളാദേശിലുള്ള ഫരീദ്പൂരിൽ 1923 മേയ് പതിന്നാലിനായിരുന്നു മൃണാൾ ദായുടെ ജനനം. ഇത് ജന്മശതാബ്ദി വർഷമാണ്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവം അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് ഇക്കുറി മൃണാൾ ദായോടുള്ള ആദരവ് പ്രകടിപ്പിക്കുന്നുണ്ട്. രാത് ബോറെ, നീൽ ആകാഷേർ നീചെ, ബൈഷേയ് ശ്രാവൺ, ആകാശ് കുസും തുടങ്ങി ഭൂവൻഷോമിൽ എത്തുമ്പോഴാണ് മൃണാൾ ദാ ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്നത്.
കൽക്കത്ത71, മൃഗയാ, കോറസ് , ഏക് ദിൻ പ്രതി ദിൻ , അകലേർ സന്ധാനെ, ഏക് ദിൻ അചാനക് തുടങ്ങി അമർഭുവൻ വരെ അനവധി ചിത്രങ്ങൾ. എല്ലാം ഒന്നിനൊന്നു മെച്ചം.
'ദേശീയ അവാർഡ് നേടിയ കോറസിനുശേഷം മൃണാൾ ദാ ദിശമാറ്റി. പിന്നീട് മൃഗയ മുതൽ അമർഭുവൻ വരെ മനുഷ്യ ജീവിതാവസ്ഥകളെ ഹൃദയത്തിലേക്ക് ആവാഹിച്ച സിനിമകളാണ് അദ്ദേഹം സൃഷ്ടിച്ചിരുന്നത്.' - ചലച്ചിത്ര പ്രവർത്തകനായ ജോർജ് മാത്യു പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ഏക് ദിൻ പ്രതിദിനിന്റെ സ്ഥാനം. വീട്ടിലെ ഏക വരുമാനക്കാരിയായ ചിന്നു (മമതാ ശങ്കർ) വൈകുന്നരം ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്നില്ല.അത് വീട്ടിൽ ഉണ്ടാക്കുന്ന സംഭവ വികാസങ്ങളാണ് ഇതിവൃത്തം. ഒന്നും സഭംവിക്കാത്തതുപോലെ രാവിലെ ചിന്നു തിരികെ എത്തുന്നുണ്ട്. ഒരു ഇന്ത്യൻ മിഡിൽക്ളാസ്സ് കുടുംബത്തിന്റെ പരിച്ഛേദമാണ് ആ ചിത്രം. അരക്ഷിതത്വബോധം വേട്ടയാടുന്ന, സദാചാരബോധം വേട്ടയാടുന്ന മനുഷ്യരുടെ അവസ്ഥകൾ. ആ രാത്രിയിൽ ചിന്നു
എവിടെപ്പോയതായിരിക്കും? ഈ ചോദ്യത്തിന് പ്രേക്ഷകർ ഇന്നും മനസ്സിൽ ഉത്തരം തേടുന്നുണ്ടായിരിക്കും. ചിത്രമെടുത്ത് വർഷങ്ങൾക്കു ശേഷം ഒരു അഭിമുഖകാരൻ മൃണാൾ ദായോടു തന്നെ ഈ ചോദ്യം ചോദിച്ചു. ' താൻ അതന്വേഷിച്ചിട്ടില്ലെന്നായിരുന്നു' അദ്ദേഹത്തിന്റെ മറുപടി.