kanam

സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്റെ ആകസ്മിക വിയോഗം അദ്ദേഹത്തിന്റെ പാർട്ടിക്കാരെ മാത്രമല്ല,​ രാഷ്ട്രീയ കേരളത്തെ ഒന്നാകെ ‌ഞെട്ടിക്കുന്നതായി. രോഗാതുരനായി ചികിത്സയിലായിരുന്നെങ്കിലും ജീവിതത്തിന്റെ സജീവതയിലേക്ക് അദ്ദേഹം വേഗം മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു സഹപ്രവർത്തകരും അനുയായികളും. മൂന്നു ടേം ആയി സംസ്ഥാനത്തെ പാർട്ടിയെ നയിച്ചുവരുന്ന കാനം നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എ.ഐ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും സി.പി.ഐക്കും തീരാനഷ്ടമാണ് ഈ വേർപാട്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സി.പി.ഐയുടെ പ്രസക്തിയും പ്രാധാന്യവും സ്ഥാപിച്ചെടുക്കുന്നതിൽ കരുത്തുറ്റ നേതൃപാടവം കാട്ടിയ നേതാവാണ് കാനം രാജേന്ദ്രൻ. വെളിയം ഭാർഗവനെയും പി.കെ. വാസുദേവൻ നായരെയും പോലെ സൗമ്യ മധുരമായോ,​ സി.കെ. ചന്ദ്രപ്പനെപ്പോലെ കാർക്കശ്യത്തോടെയോ ആയിരുന്നില്ല കാനം രാഷ്ട്രീയ നേതാവെന്ന നിലയിൽ പ്രവർത്തിച്ചത്. മറ്റു പാർട്ടികളോട്, പ്രത്യേകിച്ച് എൽ.ഡി.എഫിനു നേതൃത്വം നൽകുന്ന സി.പി.എമ്മിനോടുള്ള സമീപനത്തിലും മേൽപ്പറഞ്ഞവരിൽ നിന്ന് വ്യത്യസ്തമായിരുന്നു കാനത്തിന്റെ ശൈലി. പക്ഷെ അനിവാര്യമായ ഘട്ടങ്ങളിൽ കാർക്കശ്യം കാണിക്കാൻ അദ്ദേഹം ഒട്ടും മടി കാണിച്ചിട്ടുമില്ല. അൽപ്പം പോലും ക്ഷോഭിക്കാതെ, അളന്നു മുറിച്ച ഭാഷയിൽ പറയേണ്ടതു പറയാൻ അദ്ദേഹം ധീരത കാട്ടി. ജീവിതത്തിൽ അടിമുടി കമ്മ്യൂണിസ്റ്റായിരുന്നു.

ഇടതു മുന്നണിയിലേക്കുള്ള കേരള കോൺഗ്രസ് എമ്മിന്റെ വരവ് ആ മുന്നണിയിൽ സി.പി.ഐയുടെ പ്രാധാന്യത്തിനു മങ്ങലേൽപ്പിക്കുമെന്ന പ്രചാരണങ്ങൾ ശക്തമായ ഘട്ടത്തിൽപ്പോലും ഇരുത്തംവന്ന നേതാവിനെപ്പോലെ ചെറു ചിരിയോടെ ആറ്റിക്കുറുക്കിയ മറുപടി നൽകുകയാണ് കാനം ചെയ്തത്. ആരുടെയും പ്രകോപനങ്ങളിൽ വീഴാതിരിക്കാൻ അസാധാരണമായ സമചിത്തത അദ്ദേഹം കാട്ടി. ഒരു പക്ഷെ ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ ആർജ്ജിച്ച സമവായ സംയമനസമീപനങ്ങളുടെ പരിചയസമ്പത്തിൽ നിന്നായിരിക്കും അദ്ദേഹത്തിന് ഇത്തരമൊരു സിദ്ധി കൈവന്നത്. തൊഴിലാളികളുടെ ഐക്യവും അവരുടെ പൊതുവായ ആവശ്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ശ്രദ്ധിച്ചു. ചലച്ചിത്ര മേഖലയിലെ തൊഴിലാളികളെയടക്കം അസംഘടിത മേഖലയിലുള്ളവരെയും സംഘടിപ്പിച്ചു. കലാകാരൻമാരോട് എന്നും ആഭിമുഖ്യം കാട്ടി. പഠന കാലത്ത് നാടകങ്ങളിൽ അഭിനയിച്ച അനുഭവവും കാനത്തിനുണ്ട്.

സ്വന്തം പാർട്ടിയും മുന്നണിയും പ്രതിസന്ധിയിലാകുമ്പോൾ തിക‌ഞ്ഞ നിശ്ചയദാർഢ്യത്തോടെ

മുന്നിൽ നിന്നു നയിച്ച നേതാവായിരുന്നു കാനം.

സി.പി.എമ്മും സി.പി.ഐയും തമ്മിൽ പടലപ്പിണക്കങ്ങൾ ഉണ്ടായ സന്ദർഭങ്ങളിലൊക്കെ എന്തെങ്കിലുമൊന്ന് കാനത്തിൽ നിന്ന് വീണുകിട്ടാൻ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല,​ മാദ്ധ്യമങ്ങളും ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. പക്ഷെ കാനം ആ ചൂണ്ടയിലൊന്നും കൊത്തിയില്ല. പലപ്പോഴും മൗനംകൊണ്ടും ചിലപ്പോൾ വാചാലമായും അതിനെയൊക്കെ പ്രതിരോധിച്ചു. ചിലതെല്ലാം പറ‌ഞ്ഞപ്പോഴാകട്ടെ,​ കറകള‌ഞ്ഞ കമ്മ്യൂണിസ്റ്റുകാരന്റെ ആശയദൃഢത പ്രകടമാക്കുകയും ചെയ്തു. സവിശേഷ ശൈലിയിലുള്ള പ്രതികരണങ്ങൾകൊണ്ട് സർക്കാരിനു മാത്രമല്ല,​ എൽ.ഡി.എഫിനും ശക്തമായ കവചമൊരുക്കി. നിസ്വ ജനപക്ഷത്തിന്റെ ശക്തിയും ശബ്ദവുമായി നിന്നു.

സി.കെ. ചന്ദ്രപ്പൻ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റായപ്പോൾ പ്രസ്തുത യുവജനസംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റാണ് കാനം സി.പി.ഐ രാഷ്ട്രീയത്തിൽ വരവറിയിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു അന്ന് പ്രായം. ഭാരവാഹിയാകുന്ന ഏറ്റവും പ്രായം കുറ‌ഞ്ഞയാൾ. ഇരുപത്തിയൊന്നാം വയസിൽ സി.പി.ഐയിലെത്തി. ഇരുപത്തിയാറാം വയസ്സിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ. രണ്ടു തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 1982ലും 87 ലും നിയമസഭാംഗമായി. സഭയിലെ തീപ്പൊരി നേതാവായി ഉയർന്നെങ്കിലും പാർലമെന്ററി പ്രവർത്തനത്തിൽ അധികകാലം തുടർന്നില്ല.

2015 ൽ കോട്ടയം സംസ്ഥാന സമ്മേളനത്തിലാണ് പാർട്ടി സെക്രട്ടറിയാകുന്നത്. പാർട്ടിക്കുള്ളിലെ വിഭാഗീയമായ എതിർപ്പുകളെയെല്ലാം അതിജീവിച്ചാണ് ആ പദവിയിലേക്ക് എത്തിച്ചേർന്നത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പാർട്ടിയിലെ അജയ്യനായ നേതാവായി കാനം മാറുകയായിരുന്നു. കേരളകൗമുദിയുമായി എന്നും ഉറ്റബന്ധം പുലർത്തിയ നേതാവായിരുന്നു കാനം. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചിക്കുകയും സന്തപ്ത കുടുംബാംഗങ്ങളുടെയും പാർട്ടി അനുഭാവികളുടെയും ദുഃഖത്തിൽ ഞങ്ങൾ പങ്കു ചേരുകയും ചെയ്യുന്നു.