kanam

തിരുവനന്തപുരം. ഗൗരവം നിറ‌ഞ്ഞ നോട്ടം. പുറമെ പരുക്കനെന്നു തോന്നും.പക്ഷെ അടുത്തു കഴിഞ്ഞാൽ തെളിമയാർന്ന സൗഹൃദത്തിന്റെ പ്രസന്നത പതിവാകും . കാനം രാജേന്ദ്രനെന്ന നേതാവുമായി ഉറ്റബന്ധം പുലർത്തിയവരെല്ലാം തിരിച്ചറിഞ്ഞതായിരുന്നു ആ അടുപ്പത്തിന്റെ ആഴം.പാർടി ആസ്ഥാനമായ എം.എൻ.സ്മാരകത്തിലെത്തിയാൽ സുഹൃത്തുക്കളോട് ചിരിച്ച് സംസാരിക്കും.അടുപ്പമില്ലാത്തവരാണെങ്കിൽ കാര്യമാത്രപ്രസക്തമാകും സംഭാഷണം.

കൊവിഡ് കാലം കഴിഞ്ഞപ്പോഴെ ആരോഗ്യ പ്രശ്നങ്ങളാൽ യാത്രകൾ കുറച്ചു. പക്ഷെ പാർട്ടി കൈപ്പിടിയിൽ തന്നെയായിരുന്നു.സി.പി.ഐയിൽ നേതൃത്വത്തിലിരുന്ന ചില നേതാക്കളുടെ അതൃപ്തിയാൽ പ്രധാന പദവിയിലെത്താൻ വൈകിയെങ്കിലും വന്നപ്പോൾ അടുത്തുനിന്നവരെയെല്ലാം ഒപ്പം കൂട്ടി.എതിർപ്പുള്ള ചിലരെ നിഷ്ക്കരുണം തള്ളി. ഈ മന്ത്രിസഭയിലെ എല്ലാ സി.പി.ഐ മന്ത്രിമാരും കാനത്തിന്റെ പ്രിയ ശിഷ്യരും കടുത്ത അനുയായികളുമാണ്.

മൂന്നാം വട്ടം സെക്രട്ടറിയായപ്പോൾ കൗമുദി ടി.വിക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.' 'ആരോടും ശത്രുതയില്ല. എന്തിനാണ് ശത്രുത.വസ്തുതർക്കമോ കുടുംബതർക്കമോ ഒന്നും ആരോടും ഇല്ലല്ലോ . രാഷ്ട്രീയ നിലപാടുകളുടെയും ധാരണകളുടെയുള്ള അടിസ്ഥാനത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. അതൊക്കെ ഘടകത്തിൽ പറയുമെന്നല്ലാതെ ഞാൻ പുറത്തു പറ‌ഞ്ഞിട്ടേയില്ല.

വീണ്ടും സംസ്ഥാന സെക്രട്ടറിയായി തുടരുമെന്ന് കാനം പറഞ്ഞതായി അന്ന് മാദ്ധ്യമങ്ങളിലൊക്കെ പല കഥകളും പ്രചരിച്ചിരുന്നു.പക്ഷെ അതിനൊന്നും അന്ന് കാനം പ്രതികരിച്ചിരുന്നില്ല.പാർടി ഭരണഘടനയനുസരിച്ചു മൂന്നു തവണയാണ് ടേം. നാലാമതൊരു ടേം വെണമെങ്കിൽ നാലിൽ മൂന്നു ഭൂരിപക്ഷം വേണം. മൂന്നു തവണയായി ഇനി നാലാമതൊരു ടേം വേണമെങ്കിൽ അതിനുള്ള സ്വാധീനവും പാർടിയിലുണ്ട് പക്ഷെ എനിക്ക് ഇനി ഒരു ടേമിൽ താത്പ്പര്യമില്ലെന്ന് ആ അഭിമുഖത്തിൽ തുറന്നു പറയുകയും ചെയ്തു.

2015 ൽ ൽ കാനം പാർടി സെക്രട്ടറിയാകുമ്പോൾ സംസ്ഥാനത്തെ പർടി അംഗസംഖ്യ 120000 ആയിരുന്നു. 2022 ൽ മൂന്നാം വട്ടം സെക്രട്ടറിയായപ്പോൾ അത് 177500 ആയി ഉയർന്നു. മൂന്നു സമ്മേളനങ്ങളുടെ കാലയളവിൽ ഇത്രയും വലിയ വർദ്ധന പാർടിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പാർട്ടി സെൻട്രൽ സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ ജനറൽ സെക്രട്ടറിയാകാമായിരുന്നു.അതേക്കുറിച്ചു ചോദിച്ചപ്പോൾ ,ഇന്ത്യയിലെ പാർടിയെ നയിക്കാനുള്ള ഹിന്ദി ഭാഷാ സ്വാധീനം തനിക്കില്ലെന്നായിന്നു

മറുപടി.സി.പി.ഐയിലെ തലമുറമാറ്റത്തിൽ പാർടിയെ നയിച്ച കാനം കടന്നു പോകുമ്പോൾ പാർട്ടി നേതൃത്വത്തിൽ കരുത്തരായ നേതാക്കളുടെ എണ്ണം കുറയുകയാണ്.സി.ദിവാകരനും, കെ.ഇ.ഇസ്മായിലും ,പന്ന്യനുമൊക്കെ പ്രായപരിധിയുടെ പേരിൽ നേതൃത്വത്തിൽ നിന്ന് മുമ്പെ പടിയിറങ്ങിയല്ലോ.

കാനത്തിന്റെ സന്തത സഹചാരിയായി നടന്ന യു.വിക്രമൻ ഏതാനും മാസം മുമ്പാണ് വിടപറ‌ഞ്ഞത്. അന്ന് തിരുവനന്തപുരത്ത് പട്ടത്തെ പി.എസ്.സ്മാരകത്തിൽ വന്ന് വിക്രമന്റെ ഭൗതികശരീരത്തിൽ കാനം പുഷ്പചക്രം അർപ്പിച്ചിരുന്നു .എം.എൻ.സ്മാരകം പുതുക്കിപ്പണിയുകയാണ്. കാനത്തിന്റെ സ്വപ്നമായിരുന്നു പുതിയ മന്ദിരം. പക്ഷെ നിർമ്മാണം പൂർത്തിയാകും മുമ്പെ അദ്ദേഹം മടങ്ങിയിരിക്കുന്നു.