pepper

കൊച്ചി: പരസ്യ രംഗത്തെ മികവിനുള്ള പെപ്പർ ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം ബംഗളൂരു ആസ്ഥാനമായ ഫ്രീ ഫ്‌ളോ ക്രിയേറ്റീവിന് ലഭിച്ചു.

കൊച്ചിയിൽ നടന്ന ചടങ്ങിൽ പരസ്യ രംഗത്തെ കുലപതി മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർക്ക് കമ്മ്യൂണിക്കേഷൻ സംസ്ഥാനത്തെ മികച്ച ഏജൻസിക്കുള്ള പുരസ്‌കാരത്തിന് അർഹരായി. ഇത്തവണ അവതരിപ്പിച്ച യംഗ് പെപ്പർ അവാർഡും ഫ്രീ ഫ്‌ളോ ക്രിയേറ്റീവിന് ലഭിച്ചു.

പരസ്യ രംഗത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖമായ പെപ്പർ ക്രിയേറ്റിവ് അവാർഡിൽ 35 വിഭാഗങ്ങളിലായി 11 സ്വർണം, 40 വെള്ളി, 87 വെങ്കലം തുടങ്ങി 140 പുരസ്‌കാരങ്ങൾ ഉൾപ്പെടുന്നു. നൂറിലധികം പരസ്യ ഏജൻസികൾ, മാധ്യമ സ്ഥാപനങ്ങൾ, പരസ്യ നിർമ്മാതാക്കൾ, ഫോട്ടോഗ്രാഫർമാർ എന്നിവരിൽ നിന്നായി 500ൽ പരം എൻട്രികളിൽ നിന്നാണ് അവാർഡുകൾ നിർണയിച്ചത്.

കേരളത്തിൽ നിന്നുള്ള പ്രമുഖ ഏജൻസികളായ ഓർഗാനിക്ക് ബിപിസി, സ്റ്റാർക്ക്, പുഷ് 360, ടീം വൺ, എക്‌സോഡസ്, പ്ലെയിൻസ്പീക്ക്, ഹാമർ തുടങ്ങിയവരും പുരസ്‌കാരങ്ങൾക്ക് അർഹരായി.

പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, അവാർഡ് ചെയർമാൻ പി കെ നടേഷ്, ട്രസ്റ്റ് സെക്രട്ടറി ജി ശ്രീനാഥ്, ട്രഷറർ ആർ മാധവമേനോൻ, ട്രസ്റ്റിമാരായ ലക്ഷ്മൺ വർമ, ഡോ. ടി വിനയകുമാർ, യു എസ് കുട്ടി, വി രാജീവ് മേനോൻ, സന്ദീപ് നായർ, അനിൽ ജെയിംസ്, ചിത്രപ്രകാശ് എം, വർഗീസ് ചാണ്ടി, ബി കെ ഉണ്ണികൃഷ്ണൻ, സുധീപ് കുമാർ, ജൂറി അംഗവും മാഡിസൺ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായർ തുടങ്ങിയവർ പങ്കെടുത്തു.