
കൊച്ചി: പരിസ്ഥിതി സൗഹൃദ നടപടികൾ ശക്തമാക്കുന്നതിനായി സംസ്ഥാനത്തെ മുൻനിര വ്യവസായ സ്ഥാപനമായ എസ്.എഫ്.ഒ ടെക്നോളജീസ് പ്രതിരോധ, ബഹിരാകാശ മേഖലകളിലെ പ്രമുഖരായ തേൽസുമായി കൈകോർക്കുന്നു, ഇതിനായി ഇരു സ്ഥാപനങ്ങളും കരാറിൽ ഒപ്പുവെച്ചു.
തെയിൽസ് ഇന്ത്യയുടെ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന് ഉത്തരവാദിത്തത്തോടെ ചേർന്ന് പ്രവർത്തിക്കാൻ ഇരുകമ്പനികളും ധാരണയിലെത്തി. കാർബൺ ബഹിർഗമനം 2030ൽ കുറയ്ക്കുന്നതിനുള്ള ലക്ഷ്യം കൈവരിക്കുന്നതിനായി തെയിൽസ് വിതരണക്കാരുമായി യോജിച്ചു പ്രവർത്തിക്കുകയാണ്. കാർബൺ ബഹിർഗമനത്തിലും, ഊർജ ഉപഭോഗത്തിലും 50 ശതമാനം കുറവും വിതരണ ശൃംഖലയിൽ ഉത്പ്പന്നങ്ങളിൽ 15 ശതമാനം നിയന്ത്രണവുമാണ് ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ എസ്.എഫ്.ഒയും തെയിൽസും പുലർത്തുന്ന ശക്തമായ നിലപാടിന് അടിവരയിടുന്നതാണ് പുതിയ പങ്കാളിത്തമെന്ന് എസ്. എഫ്.ഒ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. ജഹാംഗീർ പറഞ്ഞു.