anert

കൊച്ചി: പാരമ്പര്യേതര ഊർജ മേഖലയിലെ സംസ്ഥാന സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (അനെർട്ട്) പോളിടെക്‌നിക് വിദ്യാർത്ഥികളെ വൈദ്യുതി വാഹനങ്ങളുടെ റിപ്പയർ, അറ്റകുറ്റപണികൾ പഠിപ്പിക്കുന്നതിന് പുതിയ പദ്ധതി നടപ്പാക്കുന്നു. ജർമ്മനിയിലെ ജി ഐ ഇസഡ്, ബോംബെ ഐ.ഐ.ടി എന്നിവരുമായി ചേർന്നാണ് അനെർട്ട് പാഠ്യ പദ്ധതിക്ക് രൂപം നൽകിയത്.
ഇതിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള 12 ദിവസത്തെ എക്‌സിക്യൂട്ടിവ് ഫാക്കറ്റി വികസന പ്രോഗ്രാം രണ്ട് ഘട്ടങ്ങളിലായി നടക്കും. ഓൺലൈനായി അഞ്ച് ദിവസവും കളമശേരിയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്‌നിക്കൽ ടീച്ചേർസ് ട്രെയിനിംഗ് ആൻഡ് റിസർച്ചിൽ ഏഴ് ദിവസത്തെ പ്രാക്ടിക്കലും നടക്കും. ഇതോടൊപ്പം വൈദ്യുതി വാഹന പ്ലാന്റ്, ചാർജിംഗ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സന്ദർശനവും നടക്കും. ഹൈദരാബാദിലെ വൈദ്യുതി വാഹന വൈദഗ്ദ്ധ്യ വികസന കമ്പനിയായ ഇ വി മാസ്റ്റർ ക്ലാസ് ക്ലാസുകൾ നയിക്കും. ഇതിനുള്ള ധന സഹായം ഇന്തോ- ജർമ്മൻ പ്രോഗ്രാം ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗാണ് നൽകുന്നത്. വിവിധ പോളിടെക്‌നിക് സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 30 അധ്യാപകർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ നിർവഹിച്ചു. അനെർട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലുരി , ഡി.റ്റി .ഇ സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. എം. രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.