
നവ കേരള സദസിനെ ജനങ്ങൾ പൂർണ്ണമായി നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി. യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കവെ മന്ത്രിസഭാ ബസ്സിൽ വച്ച് കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖം
കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരത്തേക്കുള്ള യാത്രയായിരുന്നു. റോഡിന്റെ ഇരുവശത്തും
മുഖ്യമന്ത്രിക്കു കൈവീശി അഭിവാദ്യം ചെയ്യുന്ന ജനാവലി. മുഖ്യമന്ത്രി കൈ ഉയർത്തി പ്രത്യഭിവാദ്യം നൽകുന്നുണ്ട്. അഭിമുഖത്തിൽ വ്യക്തിപരമായ കാര്യങ്ങളടക്കംഒട്ടേറെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭാ ബസ്സിൽ വച്ച് കേരളകൗമുദിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്:
നവകേരള സദസ് തിരുവനന്തപുരത്തേക്ക് കടക്കുന്നു . ഇതുവരെയുള്ള
യാത്രയെക്കുറിച്ച് മുഖ്യമന്ത്രിയുടെ വിലയിരുത്തൽ എന്താണ്?
 മുഖ്യമന്ത്രി: ജനങ്ങൾ പൂർണമായി നെഞ്ചേറ്റിയെന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. എല്ലാ സ്ഥലത്തും പ്രകടമായത് ഒരേ ദൃശ്യമാണ്. പതിനായിരങ്ങളാണ് ഓരോ വേദിയിലും ഒഴുകിയെത്തിയത്. കേരളത്തിന്റെ ഭാവി ഭദ്രമാണെന്നതാണ് പ്രതീക്ഷ പകരുന്ന ഒരു കാര്യം. നല്ല ഒരുമയോടും ഐക്യത്തോടും കഴിയുന്ന ഒരു നാടിന് ഏതു പ്രതിസന്ധിയും മറികടക്കാൻ കഴിയും. ജനങ്ങൾ അത്രകണ്ട് നാടിന്റെ കാര്യങ്ങളിൽ തത്പരരാണ്. അതാണ് നമ്മൾക്ക് പ്രതീക്ഷ നൽകുന്നത്. നമ്മുടെ നാട് കാലാനുസൃതമായ പുരോഗതി നേടണമെന്ന് ജനങ്ങൾക്ക് ശക്തമായ അഭിപ്രായമുണ്ട്. അതാണിവിടെ പ്രകടമാകുന്നത്.
നവ കേരള സദസിൽ ലഭിക്കുന്ന അപേക്ഷകളിൽ തീർപ്പുണ്ടാക്കുകയും
പ്രഭാതയോഗങ്ങളിൽ ഉയരുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്യുമോ?
 കേരളത്തെക്കുറിച്ച് പൊതുവിലുള്ള അഭിപ്രായങ്ങളാണ് പ്രഭാത സദസിൽ വരുന്നത്. അവ പ്രത്യേകം പ്രത്യേകം പരിശോധിക്കും. ഭാവി കേരളം എങ്ങനെ രൂപപ്പെടണമെന്നൊക്കെയുള്ള അഭിപ്രായങ്ങൾ അതിൽ വരുന്നുണ്ട്. .പ്രത്യേക സംവിധാനം അതിനായി ഉണ്ടാക്കും.
നിവേദനങ്ങളിൽ തീർപ്പുണ്ടാകുമോ?
 നിവേദനങ്ങൾ ഓരോ സ്ഥലത്തും വലിയ രീതിയിലാണ് ലഭിച്ചിട്ടുള്ളത്. അത് സോർട്ട് ചെയ്ത്
ഡിജിറ്റൈസ് ചെയ്യുന്നുണ്ട്. എല്ലാം സമയബന്ധിതമായി പരിഹരിക്കാനാണ് ശ്രമിച്ചുവരുന്നത്. എണ്ണം കൂടിയെങ്കിലും
അത് ഫലപ്രദമായിട്ടു തന്നെ കൈകാര്യം ചെയ്യും.
ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി എപ്പോഴും പറയാറുണ്ട്. അങ്ങ് മുന്നോട്ടു വയ്ക്കുന്ന ഇച്ഛാശക്തി അതേ സ്പിരിറ്റിൽ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്നുണ്ടോ?
 ഉദ്യോഗസ്ഥർ നല്ല സ്പിരിറ്റിലാണെന്നതാണ് പൊതുവിൽ കാണുന്നത്.തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും നല്ല സഹകരണമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത്. നവകേരള സദസിന്റെ വിജയകരമായ നടത്തിപ്പിലും നേരത്തെ കേരളീയം നടത്തിയതിലും ഉദ്യോഗസ്ഥർ വലിയ പങ്കാണ് വഹിച്ചത്. പൊതുവെ കേരളത്തിലെ ഉദ്യോഗസ്ഥർ ആരോഗ്യപരമായ സമീപനത്തിലേക്ക്
നീങ്ങിയെന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
ആദ്യം മുതൽക്കേ പ്രതിപക്ഷം പൂർണ നിസഹകരണമാണല്ലോ?
 പ്രതിപക്ഷത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അവർതന്നെ പരിശോധിക്കേണ്ടതാണ്. നാടിനു വിരുദ്ധമായ സമീപനം അവർ സ്വീകരിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്.കേരള വിരുദ്ധ സമീപനം ബി.ജെ.പി. സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് നമ്മുടെ നാടിനെതിരെയുള്ള നടപടികൾ കേന്ദ്രം തുടർന്നുവരുന്നത്. അക്കാര്യം ജനങ്ങളുടെയടുത്ത് തുറന്നുപറയാനാണ് ഞങ്ങളിത് സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ആ ഒരു സാഹചര്യമൊക്കെ കണക്കിലെടുത്ത് ഞങ്ങൾ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മുമ്പാകെ ഒരു അഭ്യർത്ഥന വച്ചതാണ് നവ കേരള സദസിനെക്കുറിച്ച്. ഇപ്പോൾ പുതിയൊരു സാഹചര്യമാണെന്നും അതിനാൽ നമ്മൾ ഒന്നിച്ചുനിൽക്കണമെന്നുമാണ് ഞങ്ങൾ യു.ഡി.എഫിനോട് പറഞ്ഞത്. എൽ.ഡി.എഫ് - യു.ഡി.എഫ് എന്ന നിലയിൽ തർക്കിച്ചു നിൽക്കേണ്ട സമയമല്ല ഇതെന്നും ഒന്നിച്ചു നിന്നാലേ കേരളത്തിന്റെ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുകയുള്ളൂവെന്നും പറഞ്ഞു. ഇനിയെന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ നമ്മൾക്ക് ചർച്ച ചെയ്യാം; അതിന് ഞങ്ങൾ തയ്യാറാണെന്നും പറഞ്ഞു. കേട്ടയുടെന അത് പൂർണ്ണമായി തള്ളുന്ന നിലയിൽ നിങ്ങളുമായിട്ട് ഒരു യോജിപ്പുമില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വന്നു. എന്താണ് അങ്ങനെയൊരു സമീപനം സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ആ ഒരു അഭിപ്രായത്തോട് കോൺഗ്രസിലെ പ്രവർത്തകരിൽ പലർക്കും യോജിപ്പില്ല. ആ വാദം തള്ളി കോൺഗ്രസിന്റെ പ്രവർത്തകർ നവകേരള സദസിന്റെ ഭാഗമാവുകയാണ്.
രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും കേരളത്തിലെ ഭരണ- പ്രതിപക്ഷങ്ങൾ
തമ്മിൽ പരസ്പര ബഹുമാനംപുലർത്തിയിരുന്നു. അതില്ലാതായോ?മുഖ്യമന്ത്രിയെ രാജാവെന്നും മഹാരാജാവെന്നുെമൊക്കെ പ്രതിപക്ഷ നേതാവ് പരിഹസിക്കുന്നുണ്ടല്ലോ?
 പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ കാണിക്കേണ്ട പക്വതയോടെയല്ല പ്രതിപക്ഷ നേതാവ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഓരോ നിലപാട് വരുന്നത്. നിർഭാഗ്യകരമായ ഒരു സാഹചര്യമാണത്. അവരുടെ പാർട്ടിക്കാര്യമായും മുന്നണിക്കാര്യമായും കാണേണ്ടതല്ല ഇത് .പ്രതിപക്ഷ നേതാവിന്റേത് ഒരു പാർലമെന്ററി പദവിയാണല്ലോ. അതിനനുസരിച്ചിട്ടുള്ള പക്വത അദ്ദേഹത്തിൽ നിന്നും കാണുന്നില്ല.
ക്രിയാത്മക സഹകരണം ഇപ്പോൾ ലഭിക്കുന്നില്ലേ?
 പ്രതിപക്ഷത്തിന് ഗവൺമെന്റിനെ ശക്തമായി വിമർശിക്കാം. അത് പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ 2021- ലെ ഭരണത്തുടർച്ചയ്ക്കു ശേഷം ആ ജനവിധി അംഗീകരിക്കാതെ ഗവൺമെന്റ് പരിപാടിളോട് കൂടുതൽ കൂടുതൽ നിസഹകരിക്കുക, ബഹിഷ്ക്കരിക്കുക എന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ലോക കേരള സഭയുടെ കാര്യത്തിലും കേരളീയത്തിലും ഇതുതന്നെ സംഭവിച്ചു. വികസനമാണ് എൽ.ഡി.എഫിനെ രണ്ടാമതും അധികാരത്തിൽ കൊണ്ടുവന്നത്. അതുകൊണ്ട് ഒരു വികസന കാര്യത്തിലും സഹകരിക്കേണ്ടെന്ന നിലപാടാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്.
പ്രതിപക്ഷവുമായി ചർച്ചയ്ക്കുള്ള വാതിൽ അടഞ്ഞോ?
 ചർച്ചയ്ക്ക് തയ്യാറാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ.
ഗവർണറാണോ ഇപ്പോൾ കേരളത്തിലെ പ്രതിപക്ഷം?
 ഭരണഘടനാ പദവിയാണെന്ന ഓർമ്മയില്ലാതെയാണല്ലോ ഗവർണറുടെ ഓരോ പ്രവർത്തനവും.
ഗവർണർ ഇങ്ങനെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് ഇന്ത്യയിൽ ഒരിടത്തും കണ്ടിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെയും രൂക്ഷമായ വിമർശനമാണല്ലോ?
 മുഖ്യമന്ത്രിക്കെതിരെ പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ ഗവൺമെന്റിനെ
വലിയതോതിൽ താറടിച്ചു കാണിക്കുകയെന്ന തന്ത്രമാണ് ഇപ്പോൾ നടത്തിവരുന്നത്.
ബില്ലുകൾ ഒപ്പിടാത്ത കേസു വന്നപ്പോൾ ചായക്കപ്പിനൊപ്പം ഇരുന്ന് പരിഹരിക്കാവുന്ന
പ്രശ്നങ്ങളല്ലേയുള്ളുവെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. ആ സാദ്ധ്യതകൾ ഇല്ലാതായോ?
 സുപ്രീം കോടതി കേസുകൾ പരിഗണിക്കവെ നടത്തിയ ഒരു പരാമർശമായിട്ടേ ഞാൻ അതിനെ കാണുന്നുള്ളു.
ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെടുമോ?
 ഗവർണർ ഉത്തരവാദിത്വബോധമില്ലാതെ പ്രവർത്തിക്കുമ്പോൾ ചില കാര്യങ്ങൾ ആലോചിക്കേണ്ടി വരും .അതിന്റെ നിയമവശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട് .
വിഴിഞ്ഞം അടക്കം പല പദ്ധതികളും യാഥാർത്ഥ്യമാകുന്നു. മുഖ്യമന്ത്രിയുടെ മനസിൽ ഇനിയും സ്വപ്ന പദ്ധതികളുണ്ടോ ?
 കേരളത്തിൽ ഇനിയും വലിയ വികസന പദ്ധതികൾ വരാനുണ്ട്. ഉദാഹരണത്തിന്, ഗ്രഫീൻ പ്രോജക്ട്
വലിയ സാദ്ധ്യതയാണ്. അതിന്റെ നടപടികൾ ആരംഭിച്ചു. ഹൈഡ്രജൻ പ്രോജക്ട്, എറണാകുളത്തെ
ഗിഫ്റ്റ് സിറ്റി.... അതിന് കേന്ദ്രത്തിന്റെ അനുമതി കൂടി വേണം. തിരുവനന്തപുരത്തെ ഔട്ടർ റിംഗ് റോഡ് പൂർത്തികരിക്കുമ്പോൾ വലിയ വികസന സാദ്ധ്യതയാണുണ്ടാവുക.
നവകേരള സദസ് കഴിഞ്ഞാലുടൻ മന്ത്രിസഭയിൽ പുതിയ രണ്ടു മന്ത്രിമാർ വരുമല്ലോ.
അതല്ലാതെ മറ്റു മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമോ പു:നസംഘടനയോ ഉണ്ടാകുമോ?
 അതു മാത്രമേയുള്ളൂ, മറ്റൊന്നും ഉണ്ടാവുകയില്ല.
ക്ഷേമ പെൻഷൻ കുടിശിക, ക്ഷാമബത്താ കുടിശിക ഒക്കെ വൈകുന്നത് സാമ്പത്തിക പ്രതിസന്ധി മൂലമാണോ?
 കേന്ദ്രം വരിഞ്ഞു മുറുക്കുകയല്ലേ. 7500 കോടി രൂപ ലഭിക്കാനുണ്ട്. സംസ്ഥാനത്തിനു ലഭിക്കേണ്ട വിഹിതം ലഭിക്കാതെ
വരുമ്പോൾ അത്രയും സംഖ്യയുടെ കുറവ് വരികയാണ്. കഴിഞ്ഞ ഏഴു വർഷമായി ഇതല്ലേ സ്ഥിതി.
ഒട്ടേറ കാര്യങ്ങൾ ചെയ്തതിൽ അങ്ങയ്ക്ക്
ഏറ്റവും സംതൃപ്തി നൽകുന്ന ഒരു കാര്യം എന്താണ്?
 ഏറ്റവും വലിയതോതിൽ സംതൃപ്തി നൽകുന്ന പരിപാടി 2025 നവംബർ ഒന്നോടെ കേരളത്തിൽ യാഥാർത്ഥ്യമാവും. അതിദരിദ്രർ ഇല്ലാതാകാൻ പോകുന്നുവെന്നതാണത്. ഇപ്പോൾ 0.7 ശതമാനമാണ് അതിദരിദ്രർ ഉള്ളത്. അതും ഇല്ലാതാകാൻ പോകുന്നു.
പാർട്ടി സെക്രട്ടറി എന്ന നിലയിൽ വലിയ വേട്ടയാടലിനെ നേരിട്ടു. ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ അതിനെന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?
 പ്രത്യേകിച്ചു മാറ്റമൊന്നും കാണുന്നില്ല. ആൾക്കാരുടെ രീതിയും മനോഭാവവും ഒക്കെ
ആശ്രയിച്ചിരിക്കുന്നതാണല്ലോ വേട്ടയാടൽ.
വന്ദേഭാരതിന്റെ വേഗം കണ്ടപ്പോൾ സിൽവർ ലൈനോട് ജനങ്ങൾക്കിടയിൽ താത്പര്യം കൂടിയില്ലേ?
 സിൽവർ ലൈൻ വരും. ഇപ്പോൾ കേന്ദ്രത്തിന്റെ അനുമതി വൈകുന്നതിനാൽ, ഞങ്ങൾ ഇപ്പോൾ
അത് പരാമർശിക്കുന്നില്ലെന്നേയുള്ളൂ. അത് വരിക തന്നെ ചെയ്യുമെന്നതിൽ ആർക്കും സംശയം വേണ്ട.
കേരളത്തിന്റെ പ്രശ്നങ്ങൾ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെന്റിൽ ഉന്നയിക്കുന്നുണ്ടോ?
 കേരളത്തിലെ പതിനെട്ട് എം.പിമാരും യു.ഡി.എഫിന്റെ ഭാഗമാണ്. അവർ കേരളത്തിനു വേണ്ടി ഒന്നും പറയുന്നില്ല. കേന്ദ്രത്തിനെതിരെ ഒരു വാക്കും പറയാൻ തയ്യാറാകുന്നില്ല. പ്രതിപക്ഷത്തിന് ബി.ജെ.പിയുടെ അതേ മനസാണ്. അതിനൊപ്പമാണ് അവർ നിൽക്കുന്നത്.
കേന്ദ്രത്തിനെതിരായ സമരത്തിൽ ഒരുമിച്ചു നിൽക്കാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
പറഞ്ഞു....?
 ആരോഗ്യകരമായ സമീപനമാണത്. നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുമിച്ചു നിൽക്കാമെന്ന്
അഭിപ്രായപ്പെടുന്നത് സ്വാഗതാർഹമാണ്.
എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ഇടതു ചാഞ്ചാട്ടമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്?
 കേരളത്തിൽ ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. ലീഗില്ലാത്ത കാര്യം യു.ഡി.എഫിന് സങ്കല്പിക്കാൻ പറ്റില്ല. യു.ഡി.എഫിന് എന്തെങ്കിലും സംഭവിക്കുമോയെന്ന് ആശങ്കപ്പെടുന്ന മാദ്ധ്യമ പ്രവർത്തകരാണ് ഇങ്ങനെ വിളിച്ചുപറയുന്നത്. ലീഗ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽ.ഡിഎഫ് ഇപ്പോൾ നല്ലനിലയ്ക് ജനകീയാടിത്തറ വിപുലപ്പെടുത്തിയിട്ടുണ്ട്. ലീഗ് ഇങ്ങോട്ടു വരാനും ആഗ്രഹിക്കുന്നില്ല. അവരിങ്ങോട്ട് പോരട്ടെയെന്ന് ഞങ്ങളും വിചാരിക്കുന്നില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 19-1 ആയിരുന്നു ഇക്കുറി മാറ്റം ഉണ്ടാകുമോ?
 വലിയ മാറ്റമുണ്ടാകും.
-----------------------------------------------------------
അത് അതിമോഹമാണ്
2026- ൽ മൂന്നാം പിണറായി മന്ത്രിസഭ പ്രതീക്ഷിക്കുന്നവരോട് എന്താണ് പറയാനുള്ളത്?
 അങ്ങനെയൊന്നും പ്രതീക്ഷിക്കാൻ പറ്റില്ല. അത് അതിമോഹമാണ്. എന്നാൽ എൽ.ഡി.എഫ് തുടർന്നും വരുമെന്നതിൽ ആർക്കും സംശയം വേണ്ട. മറ്റു കാര്യങ്ങളൊക്കെ നമ്മൾ ഇപ്പോൾ പ്രവചിക്കേണ്ടതില്ല.
കേരളം അഭിമുഖീകരിച്ച പ്രതിസന്ധിയുടെ വേളകളിൽ താങ്കൾ നൽകിയ നേതൃത്വമല്ലേ ഭരണത്തുടർച്ചയ്ക്ക് വഴിതെളിച്ച പ്രധാന കാരണം?
 ഞങ്ങളുടെ കൂട്ടായ പ്രവർത്തനത്തിനു ലഭിച്ച അംഗീകാരമാണത്. ഈ സർക്കാരും ആ രീതിയിലുള്ള
കൂട്ടായ പ്രവർത്തനമാണ് നടത്തിവരുന്നത്.
സ്ട്രോംഗ് പെഴ്സണാലിറ്റി, തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ വേഗത, എന്നിവ കണക്കിലെടുത്താകാം താങ്കളെയും പ്രധാനമന്ത്രി മോദിയേയും ചിലർ താരതമ്യപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
 നല്ല ഉദ്ദേശ്യത്തോടെയുള്ള താരതമ്യമല്ല അത്. ആക്ഷേപകരമായി ഉന്നയിക്കുന്ന ഒരു കാര്യം മാത്രമാണ്.
പ്രധാനമന്ത്രി മോദിയുമായി മുഖ്യമന്ത്രിയെന്ന നിലയിൽ സൗഹൃദമില്ലേ?
 പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്നവർ ആരായാലും അവരോടു കാണിക്കുന്ന ഒരാദരവ് ഉണ്ടല്ലോ. ആ ആദരവ് ഞാൻ കാണിക്കാറുണ്ട്. അദ്ദേഹവും ആ നിലയിൽത്തന്നെ പെരുമാറിയിട്ടുണ്ട്. പക്ഷേ കാര്യങ്ങളോട് അടുക്കുമ്പോൾ അതൊന്നും കണ്ടില്ലെന്നു വരും.
മുഖ്യമന്ത്രിയുടെ മരണം കാത്തിരിക്കുന്നവർ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടത്തിലുണ്ടെന്ന് ആവർത്തിച്ചു?
 അത് മാദ്ധ്യപ്രവർത്തകരുടെ കൂട്ടത്തിലൊരാൾ ഇങ്ങനെ പണ്ട് പറഞ്ഞ കാര്യം സൂചിപ്പിച്ചതാണ്. അത് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇപ്പോൾ യാദൃച്ഛികമായി പറഞ്ഞുവെന്നേയുള്ളൂ. ഏതെല്ലാം ആലോചനകൾ നമ്മൾക്കെല്ലാം എതിരെ ഏതെല്ലാം തലത്തിൽ നടക്കുന്നുണ്ടാകും. അതൊക്കെ ചിന്തിച്ചിരിക്കലല്ലല്ലോ നമ്മുടെ ജോലി .നമ്മൾക്ക് വേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ആലോചിക്കുകയല്ലേ വേണ്ടത്.
ബസിനെക്കുറിച്ചു പറയുന്ന തമാശ മുഖ്യമന്ത്രി ഹെഡ്മാസ്റ്ററും മന്ത്രിമാർ കുട്ടികളുമെന്ന പോലെ
അനുസരണയോടെ ഇരിക്കുന്നുവെന്നാണ്. അതിൽ എന്തെങ്കിലും കഥയുണ്ടോ?
 (ചിരിക്കുന്നു) വെറുതെ പറയുന്നതല്ലേ. മനുഷ്യരാകുമ്പോൾ സാധാരണപോലെ ചിരിയും
തമാശയുമൊക്കെ ഉണ്ടാകുമല്ലോ. അതൊക്കെ സ്വാഭാവികമാണ്. ഞാനിങ്ങനെ മുന്നിലിരിക്കുകയാണല്ലോ.
മന്ത്രിമാർ എല്ലാവരും ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാണല്ലോ. രാവിലെ ആഞ്ഞു നടക്കുന്നുണ്ടല്ലോ?
 അതെ അതെ.... ഞാനൊഴിച്ച് എല്ലാവരും നല്ല നടത്തമാണ് (ചിരിക്കുന്നു)
കുസതി ചോദ്യമാണ്.... ഒന്നും രണ്ടും പിണറായി മന്ത്രിസഭകളിൽ അങ്ങയ്ക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടം ഏത് മുഖ്യമന്ത്രിയോടാണ്?
 (ചിരിക്കുന്നു) രണ്ടും ഒരേപോലെ തന്നെയാണ്.
രണ്ടാമത്തെ മന്ത്രിസഭയിൽ ഉത്തരവാദിത്വം കൂടിയില്ലേ?
 ഒരേ പോലെയാണ്. നാടിന്റെ അവസ്ഥ വച്ച് ചില മാറ്റങ്ങൾ വരുമെന്നല്ലാതെ എല്ലാം ഒരേപോലെ തന്നെയാണ്.
(അഭിമുഖത്തിന്റെ പൂർണരൂപം കൗമുദി ടിവിയിൽ ഇന്നു വൈകുന്നേരം നാലിന് സംപ്രേഷണം ചെയ്യും)