നെടുങ്കണ്ടം: നെടുങ്കണ്ടം വട്ടപ്പാറയിൽ പലചരക്കുകട കത്തി നശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയുണ്ടായ ശക്തമായ ഇടിമിന്നലിനെ തുടർന്ന് ഷോർട്ട് സർക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് നിഗമനം. കാരുണ്യാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കാരുണ്യാ സ്റ്റോറിലാണ് തീപിടുത്തം ഉണ്ടായത്. ഈ സമയം കട അടച്ചിട്ടിരിക്കുകയായിരുന്നു. കടയ്ക്കുള്ളിൽ നിന്നും പുകയും ഉയരുന്നതുകണ്ട പ്രദേശവാസികൾ നടത്തിപ്പുകാരനെ വിവരം അറിയിക്കുകയായിരുന്നു. നെടുങ്കണ്ടം ഫയർ ഫോഴ്‌സ് എത്തിയാണ് തീ പൂർണമായും അണച്ചത്. പലചരക്ക്, സ്റ്റേഷനറി വ്യാപാരം നടത്തുന്ന സ്ഥാപനത്തിലെ ഫ്രിഡ്ജ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. വൈദ്യുത ഫ്യൂസ് തെറിച്ചുപോയ നിലയിലായിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതായി കണക്കാക്കുന്നു.