തൊടുപുഴ: ബഫർസോണും പട്ടയപ്രശ്നങ്ങളും എന്നും പ്രതിസന്ധി സൃഷ്ടിക്കുന്ന മലയോരത്ത് സംരക്ഷിത വനമേഖലയുടെ പേരിൽ വീണ്ടും ജനരോക്ഷം പുകയുമോയെന്ന് ആശങ്ക. അതിനാൽത്തന്നെ വളരെ കരുതലോടെയാകും അധികൃതർവിഷയത്തെ സമീപിക്കുക. ചിന്നക്കനാൽ വില്ലേജിലെ എഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്ന 364.39 ഹെക്ടർ ഭൂമി സംരക്ഷിത വനമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമിറക്കിയതാണ് പുതിയ വിവാദങ്ങൾക്ക് ഇടവരുത്തുന്നത്. അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കണമെന്ന് കാട്ടി ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇടുക്കി ജില്ലാ കളക്ടർക്ക് 23 പേജുള്ള കത്ത് കൈമാറിയിട്ടുണ്ട്. . ഇതിൽ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാകുമ്പോൾ വനമേഖലയ്ക്കൊപ്പം ജനവാസമേഖലയ്ക്കും ഏതൊക്കെ പ്രശ്നങ്ങളാണ് എന്നത് കൂടുതൽ അറിയാനാകൂ. 1961ലെ കേരള വനനിയമ പ്രകാരം മേഖല റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനവും അടുത്തിടെ ഇറക്കിയിരുന്നു.
സെറ്റിൽമെന്റ്
ഓഫീസർ നടപടിയെടുക്കും
മൂന്നാർ ഡി.എഫ്.ഒയുടെ കീഴിൽ ദേവികുളം റേഞ്ചിൽ ഉൾപ്പെടുന്ന ഭൂമി പൂർണ്ണമായും വനംവകുപ്പിന്റെ കൈവശമാണ്. എന്നാൽ നിയമ പ്രകാരം വനംവകുപ്പിന് കൈമാറിയിരുന്നില്ല. ദേവികുളം സബ് കളക്ടർ ആണ് ഇതിന്റെ സെറ്റിൽമെന്റ് ഓഫീസർ. സ്ഥലത്ത് വിശദമായ പരിശോധന നടത്തി പട്ടയമുള്ള ജനവാസ കേന്ദ്രങ്ങൾ, റോഡുകൾ, പൊതുജലാശയങ്ങൾ എന്നിവയുണ്ടെങ്കിൽ അവ ഒഴിവാക്കി സബ് കളക്ടറാണ് നടപടികൾ പൂർത്തിയാക്കേണ്ടത്. ഇതിന് ശേഷം സെക്ഷൻ 90 പ്രകാരം സംരക്ഷിത വനമായി ഉത്തരവും ഇറങ്ങും.
കാര്യമായ ജനവാസമുള്ള മേഖലയല്ലാത്തതിനാൽ നടപടികൾ പൂർത്തിയാക്കാൻ മറ്റ് തടസങ്ങൾ ഉണ്ടാകാൻ ഇടയില്ല എന്നാണ് അധികൃതർ കരുതുന്നത്. റിസർവ് വനത്തിന് ബഫർസോൺ പ്രശ്‌നവും ഇല്ല. എന്നാൽ ചിന്നക്കനാൽ പ്രദേശങ്ങളിൽ ഇപ്പോൾത്തന്നെ ഭൂമിയിൽനിന്നും കുടിയറക്കലുമായി ബന്ധപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം നടത്തിപ്പോരുന്നുണ്ട്. ഇപ്പോഴത്തെ ഉത്തരവ് നാട്ടുകാർ സംശയദൃഷ്ടിയോടെ കാണുമെന്ന കാര്യത്തിൽ സംശയമില്ല.എല്ലാ രാഷ്ട്രീയപ്പാർട്ടികളും കുടിയേറ്റമേഖലയുടെ പ്രശ്നത്തിൽ സജീവമായി ഇടപെടുമെന്നതിനാൽ ഭൂപ്രശ്നങ്ങളുടെ പേരിൽ ഒരുപാട് സമരങ്ങൾ കണ്ട നാട്ടിൽ അടുത്ത സമരത്തിനുള്ള കാഹളമായി ഉത്തരവ് മാറുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.
റവന്യൂവകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയും നിലവിൽ വനംവകുപ്പിന്റെ കൈവശമുള്ള സൂര്യനെല്ലി മലനിരകൾ, ആനയിറങ്കൽ ഡാമിന്റെയും 301 കോളനിയുടെയും പരിസരങ്ങൾ എന്നിവയും സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ഉൾപ്പെടും. നടപടി സ്വീകരിച്ച് മുന്നുമാസത്തിനുള്ളിൽ പുരോഗതി അറിയിക്കാനാണ് സി.സി.എഫ് കത്തിൽ നിർദേശിച്ചിരിക്കുന്നത്. സി. പി. എം നേതാവ് എം.എം. മണി, സി. പിഐ പ്രാദേശിക നേതൃത്വവും കാര്യങ്ങൾ കണ്ടറിഞ്ഞ് പ്രതികരിക്കാമെന്ന നിലപാടിലാണ്.