തൊടുപുഴ: സബ്ജില്ലാ സ്കൂൾ കലേത്സവത്തങ്ങളിൽ നടന്ന ക്രമരഹിതമായ നടപടികളിലൂടെ ഉണ്ടായ അപാകതകൾ പരിഹരിക്കണമെന്ന് ഓൾ കേരള ഡാൻസ് ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നൃത്ത ഇനങ്ങളിൽ വിധികർത്താക്കളായി എത്തിയവരിൽ ചിലർ ആ മേഖലയുമായി ബന്ധമില്ലാത്തവരാണ്. ചിലർ തുടർച്ചയായി എല്ലാ മത്സരങ്ങളിലും വിധികർത്താക്കളായി മാറിയതും പ്രതിഷേധത്തിനിടവരുത്തിയിട്ടുണ്ട്. അർഹതയുള്ള പല കുട്ടികളും പിൻതള്ളപ്പെടുകയും ചെയ്തു. അർഹതപ്പെട്ടവർക്ക് ഗ്രേഡ്‌പോലും ലഭിക്കാത്ത സാഹചര്യം വന്നതോടെ ,കലാരംഗത്തു നിന്നും പല കുട്ടികളും പിൻമാറി പോകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
കുട്ടികൾ അപ്പീൽ കൊടുക്കാതിരിക്കാൻ വേണ്ടി 10-ൽ കൂടുതൽ മാർക്കിന്റെ വ്യത്യാസം വരുത്തിയാണ് വിധി നിർണ്ണയം നടത്തിയിരിക്കുന്നത് .നൃത്ത അദ്ധ്യാപകസംഘടനയായ, ഓൾ കേരളാ ഡാൻസ് ടീച്ചേഴ്‌സ് യൂണിയൻ ഭാരവാഹികൾ അധികൃതരുമായി ബന്ധപ്പെടുകയും കൃത്യമായി തെളിവുകൾ കൊടുക്കുകയും ചെയ്തപ്പോൾ അത് ബന്ധപ്പെട്ടവർ നിരസിക്കുകയാണ് ചെയ്തത്. ഇനി നടക്കാൻ പോകുന്ന റവന്യൂജില്ലാ കലോത്സവം പരാതികൾ ഇല്ലാതെ
നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മത്തായി ജോസഫ്, സെക്രട്ടറി സുരേഷ് കെ. എസ്, ട്രഷറാർ രാജമ്മ രാജു, ഫിലോമിന വി.വി, ശോഭന കെ. എസ് എന്നിവർ പങ്കെടുത്തു.