തൊടുപുഴ: ചിന്നക്കനാലിലെ 364.39 ഹെക്ടർ റവന്യൂഭൂമി വനമാക്കാനുള്ള വിജ്ഞാപനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും ഭൂമി റവന്യൂ വകുപ്പിന് കൈമാറണമെന്നും എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ ആവശ്യപ്പെട്ടു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നും പാട്ടക്കാലാവധി കഴിഞ്ഞപ്പോൾ വനംവകുപ്പ് ഭൂമി ഏറ്റെടുത്തുവെന്നുമുള്ള തരത്തിലുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുന്നതല്ല. ഈ ഭൂമി റവന്യൂ വകുപ്പിന്റേതാണ്. പതിനായിരക്കണക്കിന് തോട്ടം തൊഴിലാളികൾ ഭൂരഹിതരായും പാർപ്പിടമില്ലാതെയും കഴിയുമ്പോൾ റവന്യൂ ഭൂമി വനമാക്കി മാറ്റാനുള്ള നടപടി അങ്ങേയറ്റം ജനദ്രോഹപരമാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വമ്പൻ ലോബികളെക്കുറിച്ച് അന്വേഷണം നടത്താനും സർക്കാർ മുൻകൈയെടുക്കണം. മലയോര ജില്ലയാകെ വനവൽക്കരിക്കാനുള്ള നടപടികൾ നടന്നുവരുന്നതായുള്ള പ്രചരണം നിലനിൽക്കെയാണ് ഇത്തരം നടപടികൾ ഉണ്ടാകുന്നത്. അതുകൊണ്ട് ഈ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും റവന്യൂ ഭൂമി തിരിച്ച് പിടിച്ച് കർഷകർക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.