തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ഇന്ന് മുതൽ ജില്ലയിൽ പര്യടനം തുടങ്ങും. ആദ്യ ദിനം കോടിക്കുളം പഞ്ചായത്തിലാണ് യാത്ര എത്തിച്ചേരുക. അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കും. വിവിധ കേന്ദ്ര പദ്ധതികളിൽ ഗുണഭോക്താക്കളെ ചേർക്കുന്നതിന് യാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിനായി ബാങ്ക്, നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിഗ്യാൻ കേന്ദ്ര, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ തന്നെ തത്വത്തിൽ അംഗീകാരം നൽകും. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്. വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധർ വിശദീകരിക്കും. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനിൽ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടാകും. ഇതോടൊപ്പം പദ്ധതികളുടെ വിവരങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യും. പദ്ധതികളെക്കുറിച്ചുള്ള പരാതികളും സംശയങ്ങളും പരിഹരിക്കാൻ യാത്രയ്ക്കൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമുണ്ട്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യ പരിചയപ്പെടുത്തും.
ഇന്ന് രാവിലെ 10.30ന് കോടിക്കുളം യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യാ ബ്രാഞ്ചിന് മുന്നിൽ യാത്ര എത്തിച്ചേരും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി, നബാർഡ് ഡി.ഡി.എം അജീഷ് ബാബു, എസ്.ബി.ഐ തൊടുപുഴ റീജിയണൽ ഹെഡ് എം.ആർ. സാബു, കേരളാ ഗ്രാമീൺ ബാങ്ക് കോട്ടയം റീജിയണൽ ഹെഡ് സുരേഷ് കുമാർ, ഗ്രാമപഞ്ചായത്തംഗം ജേർളി റോബി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോടിക്കുളം ബ്രാഞ്ച് മാനേജർ വി. ബിസ്മി എന്നിവർ സംസാരിക്കും. കേന്ദ്ര പദ്ധതികളുടെ ഗുണഫോക്താക്കളായ എ.കെ. അജേഷ്, വേണു എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. കൃഷി വിഗ്യാൻ കേന്ദ്ര, കൃഷി വകുപ്പ്, നെഹൃു യുവ കേന്ദ്ര, ആരോഗ്യ വകുപ്പ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ജൻ ഔഷധി, ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട് അഞ്ച് മിനിട്ട് വീതം വരുന്ന വീഡിയോകളുടെ പ്രദശനവും ഇതോടൊപ്പം ഉണ്ടാകും. വികസിത് ഭാരത് സങ്കൽപ്പ് യാത്ര നാളെ രാവിലെ 10.30ന് കുടയത്തൂർ യൂണിയൻ ബാങ്ക് ബ്രാഞ്ചിന് സമീപവും ഉച്ചയ്ക്ക് 2.30ന് ഉടുമ്പന്നൂർ എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിലും എത്തിച്ചേരും.