പീരുമേട്: കൊല്ലം- തേനീദേശീയ പാതയിൽ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം അനധികൃത വാഹന പാർക്കിംഗ് അപകടഭീക്ഷണി ഉയർത്തുന്നു. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ പാർക്കിംഗ് നിരോധിത മേഖലയിൽ നിറുത്തിയിട്ടശേഷമാണ് വെള്ളച്ചാട്ടം ആസ്വദിക്കുന്നത്. മഴ ശക്തമാകുമ്പോൾ തൊട്ടുമുകളിലെ മലമുകളിൽ നിന്ന് മൺതിട്ടയും പാറകല്ലുകളും എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാം. വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശമാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന പാർക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ബോർഡ് യാത്രക്കാർ ഗൗരവമായി എടുക്കുന്നില്ല. എല്ലാ മാസങ്ങളിലും ഇവിടെ ശക്തമായ മഴ പെയ്യാറുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇവിടെ റോഡരികിൽ നിറുത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീണ് വീട്ടമ്മ മരിച്ചിരുന്നു. വാഹനം പൂർണ്ണമായി തകർന്നു. തുടർന്ന് ഇളകി നിന്നിരുന്ന പാറക്കല്ലും മരവും പീരുമേട് പഞ്ചായത്ത് നീക്കം ചെയ്തിരുന്നു. എന്നാൽ അപകടസാധ്യത ഇപ്പോഴും ഇവിടെ നിലനിൽക്കുന്നുണ്ട്. മണ്ണുമായി ബന്ധം വേർപ്പെട്ട് നിൽക്കുന്ന പാറക്കൂട്ടങ്ങളും മരങ്ങളും മലമുകളിൽ ഉണ്ട്. പുറത്തു നിന്നു വരുന്ന വിനോദ സഞ്ചാരികൾ ഇതൊന്നും അറിയാതെയാണ് വലുതും ചെറുതുമായ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത്. ശബരിമല തീർത്ഥാടനകാലം ആരംഭിച്ചതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമെത്തുന്ന അയ്യപ്പഭക്തർ ഇവിടെ വാഹനങ്ങൾ നിറുത്തി വെള്ളച്ചാട്ടം ആസ്വദിക്കുന്നുണ്ട്. ഇവരുടെ വാഹനങ്ങളും നിരോധിതമേഖലയിലാണ് പാർക്ക് ചെയ്യുന്നത്. രാത്രിയിലും പകലും ഒരുപോലെ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകാറുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെയും ഹൈവേ പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ കൂടുതലും വനംവകുപ്പിന്റെ സ്ഥലമാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായി പീരുമേട് പഞ്ചായത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലം ആവശ്യപ്പെട്ടിരുന്നെങ്കിലും വനംവകുപ്പ് നൽകിയില്ല.