കട്ടപ്പന: നഗരസഭ വക സ്ഥലത്ത് അനുവാദമില്ലാതെ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച സംഭവ ത്തിൽ ബലപരീക്ഷണത്തിനൊരുങ്ങി നഗരസഭയും കെ.എസ്.ഇ.ബിയും. മുമ്പ് കല്ലുകുന്ന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭയും കെ.എസ്.ഇ.ബിയും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് പുതിയ ഏറ്റുമുട്ടൽ. പുതിയ ബസ് സ്റ്റാൻഡിന് സമീപം സഹകരണ ആശുപത്രിയ്ക്ക് മുമ്പിലുള്ള നഗരസഭ വക സ്ഥലത്താണ് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. അനുവാദമില്ലാതെ സ്ഥാപിച്ച ട്രാൻസ്‌ഫോർമർ ചാർജ് ചെയ്യരുതെന്ന് നഗരസഭ ആവശ്യപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി ഇത് ചെവിക്കൊണ്ടില്ല. കഴിഞ്ഞ ദിവസം ട്രാൻസ്‌ഫോർമർ കെ.എസ്.ഇ.ബി അധികൃതർ ചാർജ് ചെയ്തു. തുടർന്ന് കൗൺസിലിൽ ഉൾപ്പെടെ സംഭവം വൻ പ്രതിഷേധത്തിന് കാരണമാകുകയും പൊളിച്ചുനീക്കണമെന്ന് നഗരസഭ ആവശ്യപ്പെടുകയുമായിരുന്നു. കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ പൊളിച്ചുനീക്കാൻ തയ്യാറാകാതെ വന്നതോടെ നിയമനടപടിയുമായി മുമ്പോട്ടു പോവുകയാണ് നഗരസഭ. പരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ ഏതുവിധേനയും ട്രാൻസ്‌ഫോർമർ പൊളിച്ചുമാറ്റുമെന്നാണ് നഗരസഭാ ഭരണസമിതി പറയുന്നത്.
കുടിവെള്ള പദ്ധതിയുടെ പേരിലും തർക്കം
ജനുവരിയിൽ കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ വൈദ്യുതി ബിൽ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയും കെ.എസ്.ഇ.ബിയും വാട്ടർ അതോറിട്ടിയും തമ്മിൽ തർക്കമുണ്ടായിരുന്നു. പദ്ധതി നടത്തിപ്പ് ജല അതോറിട്ടിക്കായതിനാൽ കുടിശ്ശിക അടയ്‌ക്കേണ്ടത് ജല അതോറിട്ടിയാണെന്ന് നഗരസഭ വാദിച്ചപ്പോൾ കണക്ഷൻ നഗരസഭയുടെ പേരിലാണെന്ന് കെ.എസ്.ഇ.ബിയും ജല അതോറിട്ടിയും വാദിച്ചു. തുടർന്ന് കുടിശ്ശികയുണ്ടായിരുന്ന തുക നഗരസഭ അടച്ചുതീർത്ത് കണക്ഷൻ ജല അതോറിട്ടിയുടെ പേരിലേക്ക് മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്.