പീരുമേട്: നവകേരള സദസിനോടനുബന്ധിച്ച് പീരുമേട് പഞ്ചായത്തിൽ തയ്യാറെടുപ്പ് പൂർത്തിയായി. പ്രവർത്തനങ്ങൾ വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഇന്നലെ പരുന്തുംപാറയിൽ നിന്ന് പാമ്പനാറ്റിലേക്ക് നൂറുകണക്കിന് യുവാക്കൾ പങ്കെടുത്ത കൂട്ടയോട്ടം നടന്നു. ഡിസംബർ അഞ്ചിന് 500 വനിതകളുടെ നേതൃത്വത്തിൽ മരിയൻ കോളേജ് ഗ്രൗണ്ടിൽ നവകേരള സദസ്സിന്റെ പ്രചരണാർത്ഥം തിരുവാതിര സംഘടിപ്പിക്കാൻ തീരുമാനിച്ചു. 50 വീടുകൾക്ക് ഒരു വീട്ടുമുറ്റ സദസ് നടത്താനും എട്ടിന് പഴയ പാമ്പനാറ്റിൽ നിന്ന് പാമ്പനാറിലേക്ക് മോട്ടോർ വാഹന റാലിയും നടത്തും. സഞ്ചരിക്കുന്ന കാബിനറ്റ് മണ്ഡലത്തിൽ പ്രവേശിക്കുന്ന 11ന് നവകേരളാ ദീപം ബൂത്ത് തലത്തിൽ തെളിക്കും. യുവാക്കളുടെ ബൈക്ക് റാലി 11ന് സംഘടിപ്പിക്കും. പഞ്ചായത്തിലെ ജനങ്ങൾക്ക് പരാതിയും അപേക്ഷകളും നൽകാൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഗ്രൗണ്ടിൽ 20 കൗണ്ടറിലും സേവനം ലഭ്യമാക്കും.