കട്ടപ്പന: വൃത്തിഹീനമായ നഗരസഭാ മാർക്കറ്റ് നവീകരിയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയുടെ പച്ചക്കറിമാർക്കറ്റ്, മത്സ്യ , മാംസ മാർക്കറ്റുകൾ ഉൾപ്പെടെ വൃത്തിഹീനമാണെന്ന ആരോപണം കഴിഞ്ഞ ദിവസം നടന്ന കൗൺസിലിൽ ഉൾപ്പെടെ ഉയർന്നിരുന്നു. ടൗൺഹാളിൽ പ്രവർത്തിച്ചിരുന്ന വെക്ടർ കൺട്രോൾ യൂണിറ്റ് ഹാൾ ഒഴിയുന്നതിനും മാർക്കറ്റിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്നും അറിയിച്ച് നഗരസഭ നോട്ടീസ് നൽകിയിരുന്നു. വെക്ടർ കൺട്രോൾ യൂണിറ്റ് ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് എൽ.ഡി.എഫ് കൗൺസിൽ അംഗങ്ങൾ നഗരസഭാ മാർക്കറ്റ് വൃത്തിഹീനമാണെന്നും പുനഃക്രമീകരിയ്ക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചത്. മാർക്കറ്റ് റോഡ് ഉൾപ്പെടെ വൃത്തിയാക്കണമെന്ന് മറ്റ് അംഗങ്ങളും പ്രതികരിച്ചതോടെ അടുത്ത വർഷത്തെ പ്രോജക്ടിൽ ഉൾപ്പെടുത്തി മാർക്കറ്റ് നവീകരിയ്ക്കുമെന്ന് നഗരസഭാദ്ധ്യക്ഷ ഷൈനി സണ്ണി പറഞ്ഞു.