തൊടുപുഴ: എ.ഐ ക്യാമറയടക്കം പല സംവിധാനങ്ങൾ വന്നിട്ടും വാഹനാപകടങ്ങളിൽ ജീവൻ പൊലിയുന്ന മനുഷ്യരുടെ എണ്ണം ഓരോ വർഷവും കൂടുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ ജില്ലയിലെ നിരത്തുകളിൽ അപകടങ്ങളിൽ മാത്രം ഇല്ലാതായത് 84 ജീവനുകളാണ്. ജനുവരി ഒന്നു മുതൽ ഒക്ടോബർ 30 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ 1033 അപകടങ്ങളിൽ നിന്നായി 1507 പേർക്കാണ് പരിക്കേറ്റത്. ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യതകൾ കൂട്ടുന്നതായാണ് കണ്ടെത്തൽ. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളിൽ അപകടങ്ങൾ പതിയിരിക്കുന്ന ഒട്ടേറെയിടങ്ങളുണ്ട്. റോഡുകൾക്ക് ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അപകടസാധ്യതയേറിയ മേഖലകളിൽപ്പോലും വേണ്ടത്ര അപകടസൂചനാ ബോർഡുകളും മറ്റും ഇനിയും സ്ഥാപിച്ചിട്ടുമില്ല. തൊടുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ വാഹനാപകങ്ങളുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തകർന്ന റോഡുകളും അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ കണ്ടെത്തിയത് ജില്ലയിൽ 161 അപകട സാധ്യത മേഖലകളാണ്. 2018 മുതൽ 2021 വരെയുള്ള അപകടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചും അപകടങ്ങളുടെ എണ്ണം കണക്കിലെടുത്തുമാണ് മാപ്പിങ്ങിലൂടെ മേഖലകൾ കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചത്. മുൻ കാലങ്ങളിൽ കൂടുതൽ അപകടങ്ങൾ നടന്ന സ്ഥലങ്ങളെയടക്കം കണ്ടെത്തി ക്ലസ്റ്ററുകളായി തിരിച്ചാണ് മേഖലകൾ കണ്ടെത്തിയിരിക്കുന്നത്. ശരാശരി ഒരു മാസം ചെറുതും വലുതുമായ അമ്പതോളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നെന്നാണ് കണക്കുകൾ. ശ്രദ്ധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

വർഷം അപകടം മരണം

2021 967 41

2022 797 71

2023 1033 84

അപകടകാരണങ്ങൾ

അശാസ്ത്രീയമായ റോഡ്

വാഹനപ്പെരുപ്പം

അലക്ഷ്യമായ ഡ്രൈവിംഗ്

റോഡിലെ കുഴികൾ

മഴക്കാല അപകടങ്ങൾ തടയാം

* സൂക്ഷിച്ച് ഓടിച്ചില്ലെങ്കിൽ മഴവെള്ളം നിറഞ്ഞ റോഡുകളിലെ കുഴികളിൽ വീഴും

*പെട്ടെന്ന് ബ്രേക്കിട്ടാൽ നനഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ തെന്നിവീഴും.

* മരം വീണും മണ്ണിടിഞ്ഞും ഗതാഗത തടസമുണ്ടാകാം. നേരത്തെ ഇറങ്ങി സാവധാനം ഓടിക്കുക.

*ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തുക. പഴകിയ ടയറുകൾ അപകടത്തിന് കാരണമാകും.

*വൈപ്പർ ബ്ലേഡുകളുടെ കാര്യക്ഷമത ഉറപ്പാക്കുക. ഇല്ലെങ്കിൽ ശക്തമായ മഴയിൽ കാഴ്ച മറയും

* നനഞ്ഞുകിടക്കുന്ന റോഡുകളിൽ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കും.

* അതിശക്തമായ മഴയത്ത് കഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. മരങ്ങളില്ലാത്ത സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം.

*മഴയുള്ളപ്പോൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാൽ അപകടസാദ്ധ്യത കുറയ്ക്കാം.