തൊടുപുഴ: കുട്ടികളിൽ ജനാധിപത്യബോധം വളർത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ഇന്ന് പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലാണ് തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഹയർസെക്കൻഡറി സ്കൂളിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികളുടെ പ്രചരണം,​ തിരിച്ചറിയൽ കാർഡ്,​ വോട്ടേഴ്‌സ് ലിസ്റ്റ്, സ്ലിപ്പ്,​ പോളിംഗ് ബൂത്ത്,​ പോളിംഗ് ഏജന്റുമാർ,​ പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,​ സ്ലിപ്പ് തുടങ്ങി എല്ലാം അതേപടി പകർത്തിയുള്ള ഒരു തിരഞ്ഞെടുപ്പ്. വോട്ടർ അകത്തെത്തിയാൽ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. രാവിലെ 10.15ന് മോക്ക്പോൾ. തുടർന്ന് പോളിംഗ് ആരംഭിക്കും. 12 വരെ വോട്ട് ചെയ്യാം. ഉച്ചയ്ക്ക് ഒന്നിന് ഫലപ്രഖ്യാപനവും നടത്തും. തിരിച്ചറിയൽ കാർഡ് പരിശോധിച്ച് വോട്ടേഴ്‌സ് ലിസ്റ്റിൽ ഒത്തുനോക്കിയ ശേഷമാണ് വോട്ടറുടെ വിരലിൽ മഷി പുരട്ടും. തുടർന്ന് വോട്ട് ചെയ്യാൻ മെഷീനിനടുത്തേക്ക്. അവിടെ ലാപ്പ്ടോപ്പിൽ പ്രത്യേകം സജ്ജീകരിച്ച വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥിയുടെ ചിത്രവും പേരുമുണ്ടാകും. ഇഷ്ട സ്ഥാനാർത്ഥിക്കു നേരെയുള്ള ബട്ടണിൽ വിരലമർത്തിയാൽ ബീപ് ശബ്ദം കേൾക്കാം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 28ഉം പത്രിക പിൻവലിക്കാനുള തീയതി 29ഉം ആയിരുന്നു. മത്സരാർത്ഥികളുടെ ലിസ്റ്റ് 29ന് വൈകിട്ട് 3.30ന് പ്രസിദ്ധീകരിച്ചിരുന്നു. പൊതു തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ അതേപടി നടപ്പാക്കി തിരഞ്ഞെടുപ്പ് രീതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് സ്കൂൾ ഐ.ടി കോ-ഓഡിനേറ്റർ സി.ടി. ബിന്ദു പറഞ്ഞു.