dron

കോടിക്കുളം: കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ യാത്ര ജില്ലയിൽ പര്യടനം തുടങ്ങി. കോടിക്കുളം പഞ്ചായത്തിൽ എത്തിച്ചേർന്ന യാത്രയ്ക്ക് ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ കോടിക്കുളം ബ്രാഞ്ചിന് സമീപത്ത് സംഘടിപ്പിച്ച യോഗം ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി ഉദ്ഘാടനം ചെയ്തു. നബാർഡ് ഡി.ഡി.എം അജീഷ് ബാബു, എസ്.ബി.ഐ തൊടുപുഴ റീജിയണൽ ഹെഡ് എം.ആർ. സാബു, കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞ മഞ്ചു ജിനു വർഗീസ്, കേരളാ ഗ്രാമീൺ ബാങ്ക് വണ്ണപ്പുറം ബ്രാഞ്ച് മാനേജർ സതീഷ് ജോസ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പുകളെ പ്രതിനീധീകരിച്ച് നെഹ്രു യുവ കേന്ദ്ര ജില്ലാ കോ- ഓർഡിനേറ്റർ എച്ച്. സച്ചിൻ, ആരോഗ്യ വകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. സാം വി. ജോൺ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അസി. മാനേജർ (സെയിൽസ്) ഡാൽബിൻ ക്രിസ്റ്റഫർ, യൂണിയൻ ബാങ്ക് കോടിക്കുളം ബ്രാഞ്ച് മാനേജർ വി. ബിസ്മി, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഗായത്രി, എഫ്.എ.സി.ടി ടെക്‌നീഷ്യൻ ഗോകുൽ ഗോപി ഗ്രാമ പഞ്ചായത്തംഗം അനീഷ് കെ.എസ്, മിമിക്രി ആർട്ടിസ്റ്റ് സൈനൻ കെടാമംഗലം എന്നിവരും യാത്രക്കൊപ്പമുണ്ടായിരുന്നു. വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു. യാത്രയുടെ ഭാഗമായി ഒരുക്കിയ പ്രത്യേക വാനിൽ പദ്ധതികളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടത്തി. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യ കർഷകരെ പരിചയപ്പെടുത്തി. പ്രധാനമന്ത്രി ഉജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്‌ട്രേഷൻ സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കിയിരുന്നു. കേന്ദ്ര പദ്ധതികളുടെ ഗുണഫോക്താക്കളായ എ.കെ. അജേഷ്, വേണു പ്രസാദ് എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന യാത്ര ജില്ലയിൽ 54 സ്ഥലങ്ങളിലാണ് എത്തിച്ചേരുന്നത്.

വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇന്ന് രാവിലെ 10.30ന് കുടയത്തൂർ യൂണിയൻ ബാങ്ക് ബ്രാഞ്ചിന് സമീപവും ഉച്ചയ്ക്ക് 2.30ന് ഉടുമ്പന്നൂർ എസ്.ബി.ഐ ബ്രാഞ്ചിന് മുന്നിലും എത്തിച്ചേരും.