
തൊടുപുഴ: അപകടം ക്ഷണിച്ച്വരുത്തി നഗരമദ്ധ്യത്തിൽ മരണക്കിണർ. സീമാസ് ജംഗ്ഷന് സമീപം തൊടുപുഴ-മണക്കാട് റോഡിൽ 15 അടി ആഴമുള്ള കുഴിയാണ് ഇനിയും മൂടാതെ ഇട്ടിരിക്കുന്നത്. . സ്‌കൂൾ കുട്ടികളും യാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന ഈ ഭാഗത്തുള്ള ഓടയുടെ കരിങ്കൽ കെട്ട് ഇടിഞ്ഞിട്ട് നാളുകളായി. കൈയേറി കൈയേറി ലോപിച്ച ധന്വന്തരി തോടിലേയ്ക്ക് ചേരുന്ന ഓടയാണിത്. മണ്ണിട്ട് ഉയർത്തിയ ഭാഗമായതിനാൽ ഓട ആഴമുള്ളതാണ്. കരിങ്കൽ കെട്ട് ഇടിഞ്ഞപ്പോൾ നാശം സംഭവിച്ച സ്വകാര്യ വ്യക്തി സ്വന്തം നിലയിൽ ഈ ഭാഗത്തുള്ള സ്ലാബുകൾ ക്രെയിൻ കൊണ്ടുവന്ന് ഇളക്കി മാറ്റുകയായിരുന്നു.. 10 അടി സ്‌ക്വയർ രൂപത്തിലുള്ള ഒരു സ്ലാബ് പുനസ്ഥാപിക്കാൻ കഴിയാത്ത വിധം തകർന്നു പോയി. അതിനാൽ തിരികെ മൂടപ്പെടാത്ത നിലയിൽ ഈ ഭാഗം മരണക്കിണർ പോലെ കിടക്കുന്നു. അധികൃതർ ഇതൊന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. പരിസരത്തുള്ള വ്യാപാരിയുടെ പരസ്യ ബോർഡ് മാത്രമാണ് അപകട സ്ഥലത്തെ ഏക അടയാളം.