തൊടുപുഴ: വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും കോടികളുടെ പദ്ധതികൾ വനംവകുപ്പ് നടപ്പാക്കുമ്പോഴും കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കാർഷികോത്പന്നങ്ങൾ വിളവെടുക്കുന്നതിന് മുന്നേ കാട്ടുമൃഗങ്ങൾ ഇവ പിഴുതു നശിപ്പിക്കുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പിന് കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പോലും പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാകുകയാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വഴി കാണാതെ കൃഷി പോലും ഉപേക്ഷിക്കാൻ പലരും നിർബന്ധിതമാകുകയാണ്. അടുത്ത നാളുകളിലായി ജില്ലയിൽ പലയിടങ്ങളിലും വന്യമൃഗശല്യം വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തൊമ്മൻകുത്തിലും അമയപ്രയിലും വനാതിർത്തിക്ക് സമീപമുള്ള കൃഷിയിടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. വർഷങ്ങളായി കൃഷി ചെയ്തു വരുന്ന ഇവിടെ ആദ്യമായാണ് കാട്ടാനകളുടെ ആക്രമണമുണ്ടാകുന്നത്. മുള്ളരിങ്ങാട് മേഖലയിലും അടുത്ത കാലത്ത് കാട്ടാന ശല്യം വർദ്ധിച്ചിട്ടുണ്ട്. മാങ്കുളം പഞ്ചായത്തിലെ വിവിധ കാർഷിക മേഖലകളിൽ കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. അടിമാലി ടൗണിനോടു ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യം മൂലം കർഷകർ പൊറുതി മുട്ടിയ നിലയിലാണ്. മൂന്നാർ കന്നിമല ടോപ്പ്, പെരിയവര എന്നിവിടങ്ങളിൽ ഒരു വർഷമായി കാട്ടാന ശല്യം രൂക്ഷമാണ്. പടയപ്പ മൂന്നാറിലെ സ്ഥിരം പ്രശ്നക്കാരനാണ്. മുട്ടം ടൗണിനു സമീപം കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷമാണ്. വാഴത്തോപ്പ്, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളിലും വന്യമൃഗ ശല്യം പതിവാണ്. വന്യമൃഗങ്ങളെ തുരത്താനായി കർഷകർ സ്വന്ത നിലയ്ക്ക് പല പരീക്ഷണങ്ങൾ നടത്തുന്നുണ്ടെങ്കിലും ഒന്നും പ്രയോജനം ചെയ്യുന്നില്ല. കൃഷിയിടത്തിൽ എത്തുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ വനംവകുപ്പ് അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഒട്ടേറെ നിബന്ധനകൾ പാലിക്കേണ്ടതിനാൽ കർഷകർക്ക് ഇതിന് സാധിക്കുന്നില്ല. തോക്കുള്ള പലരുടെയും ലൈസൻസ് പുതുക്കി നൽകാൻ ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ചിലയിടങ്ങളിൽ കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയവയുടെ ശല്യം കുറയ്ക്കുന്നതിന് കർഷകർ ജൈവ വേലി സ്ഥാപിക്കാറുണ്ട്. കൊന്ന കമ്പ്, ചെമ്പരത്തി, മുരിക്കിന്റെ ശിഖരം എന്നിവ ഉപയോഗിച്ചാണ് വേലി നിർമ്മിക്കുന്നത്.

പാഴായി കോടികളുടെ

പദ്ധതികൾ

2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെ രൂപയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി മാത്രം വനംവകുപ്പ് ചെലവഴിച്ചത്. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനം വകുപ്പിന്റെ വാദം. എന്നാൽ വനത്തിനുള്ളിൽ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി വനംവകുപ്പ് നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതുകൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടുവെട്ട്, ഫയർ ലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ ഒന്നും ഫലപ്രദമായില്ല.


നഷ്ടപരിഹാരവും

തഥൈവ...

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. ഇൻഷ്വ ർ ചെയ്തിട്ടുള്ള ഹ്രസ്വകാല വിളകൾക്ക് നാശമുണ്ടായാൽ കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകുമെങ്കിലും ഇതും തുച്ഛമായ തുക മാത്രമാണ്. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.