ഇടുക്കി : ജില്ലയിലെ എം.വി.ഐ.പി വക സ്ഥലവും ചിന്നക്കനാൽ വില്ലേജ് ഉൾപ്പെടെയുള്ള പ്രദേശങ്ങളും സംരക്ഷിത വനമാക്കി വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാന സർക്കാരിന്റെ നടപടി ഉടൻ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ് ആവശ്യപ്പെട്ടു.
വനഭൂമിയായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനോ എന്തെങ്കിലും വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിനോ കഴിയാത്ത നിലയിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. മുട്ടം ,കരിങ്കുന്നം ,കുടയത്തൂർ ജല വിതരണ പദ്ധതിക്ക് പൈപ്പ് ഇടാൻ എത്തിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വനംവകുപ്പ് തടഞ്ഞത് ഇതിന് ഉദാഹരണമാണ്. അന്തിമ വിജ്ഞാപനം ചെയ്ത ഭൂമിയിൽ പ്രവേശിക്കുന്നത് പോലും വനംവകുപ്പ് അനുവദിക്കുന്നില്ല. നിക്ഷിപ്ത വനഭൂമി ആക്കിയ പ്രദേശത്തു കൂടിയാണ് മലങ്കര ജലാശയത്തിൽ നിന്നുള്ള ജലസ്രോതസ്സ്.
വന വിജ്ഞാപനത്തിനെതിരെ എം എം മണി നടത്തുന്ന പ്രസ്താവനകൾ വെറും തട്ടിപ്പാണ്.വിജ്ഞാപനം ഇറക്കിയ സ്വന്തം സർക്കാരിനെതിരെ ഒരു അക്ഷരം പോലും ഉരിയാടാതെ വനം വകുപ്പിലെ ഉദ്യോഗസ്ഥരെ പ്രസംഗിച്ച് ഭീഷണിപ്പെടുത്തുകയാണ്.