കട്ടപ്പന: ഹൈറേഞ്ചിന്റെ മടിത്തട്ടായ കട്ടപ്പനയിൽ കൗമാരകലാമേള ഇനിയുള്ള നാല് ദിനങ്ങൾ ഉത്സവാന്തരീക്ഷം തീർക്കും. ഇടുക്കി റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. ഇന്ന് മുതൽ വെള്ളിയാഴ്ച വരെ കട്ടപ്പന സെന്റ് ജോർജ് എച്ച്.എസ്.എസ്,​ ഓസാനം എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് കലോത്സവം നടക്കുക. ചൊവ്വാഴ്ച രാവിലെ 10ന് നടക്കുന്ന വിളംബര ജാഥ കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ ഫ്ലാഗ് ഒഫ് ചെയ്യും. തുടർന്ന് നടക്കുന്ന സമ്മേളനം മുൻ മന്ത്രി എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ അദ്ധ്യക്ഷത വഹിയ്ക്കും. ഏഴ് ഉപജില്ലകളിൽ നിന്നായി 4000 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും. കലോത്സവത്തിന്റെ ഭാഗമായി വിദ്യർഥികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇരു സ്‌കൂളുകളിലുമായി തയ്യാറാക്കിയിട്ടുണ്ടെന്ന് ജില്ലാ കോ- ഓർഡിനേറ്റർ ജോസഫ് മാത്യു, സെന്റ് ജോർജ്ജ് സ്‌കൂൾ മാനേജർ ഫാ. ജോസ് മാത്യു പറപ്പള്ളിയിൽ, മനോജ് എം. തോമസ്, സിജു ചക്കുംമൂട്ടിൽ, സിബിച്ചൻ തോമസ്, കെ.വി. വിശ്വനാഥൻ, ഡെയ്‌സൺ മാത്യു, കെ.സി. മാണി, ഡിബു ജേക്കബ്ബ്, തോമസ് ജോസഫ്, ബിജുമോൻ, ഷൈൻ ജോസ് എന്നിവർ പറഞ്ഞു.